ചേർത്തല: ജില്ലാ പൊലീസ് ചീഫ് കെ.എം.ടോമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമായ 'റെഡ്മാൻ' നടത്തിയ അന്വേഷണത്തിൽ അഞ്ച് ദിവസത്തിനിടെ പിടികൂടിയത് 13 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ. ഒരു മാസത്തിനിടെ 35 സമാന കേസുകളും റെഡ്മാന്റെ കണക്കിലുണ്ട്.
അഞ്ചര ലക്ഷം രൂപയുടെ നിരോധിത ലഹരി വസ്തുക്കളുമായി മൂന്നുപേരെയാണ് ഇന്നലെ പിടികൂടിയത്. പാലക്കാട് കൊടുവായൂർ നവക്കോട് നൗഷാദ് (26), മുതലമട അന്തിച്ചിരക്കളം ജിഷാദ് (28), പെരുമ്പാവൂർ വല്ലം റയോൺപുരം മലയക്കുടി ഹസൻ (47) എന്നിവരാണ് കുടുങ്ങിയത്. കഴിഞ്ഞ 30ന് 7.5 ലക്ഷത്തിന്റെ നിരോധിത ലഹരിവസ്തുക്കളുമായി ആലപ്പുഴ സ്വദേശികളായ നാലുപേരെ സംഘം പിടികൂടിയിരുന്നു.
ഇവരുടെ പക്കൽ നിന്ന് 11,000 പാക്കറ്റ് നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. ലോറി ഡ്രൈവർമാരായ നൗഷാദും ജിഷാദും തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ 31ന് മാരാരിക്കുളത്ത് സ്‌കൂൾ പരിസരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച ലഹരി വസ്തുക്കൾ മാരാരിക്കുളം വടക്ക് മാടത്താനി കോളനിയിൽ ബാബുവിന്റെ പക്കൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇയാളിലൂടെയാണ് ഈ മൂന്നുപേരിലേക്ക് പൊലീസ് എത്തിയത്. ബാബുവിനുള്ള ഉത്പന്നങ്ങളുമായി ആഡംബര കാറിൽ വന്ന നൗഷാദും ജിഷാദും രണ്ടു ദിവസം മുൻപ് പൊലീസിനെ വെട്ടിച്ച് കടന്നിരുന്നു. പിന്നീട് ആവശ്യക്കാരെന്ന വ്യാജേന ബന്ധപ്പെട്ടാണ് നൗഷാദിനെ പിടികൂടിയത്. 3000 പാക്കറ്റ് ലഹരി ഉത്പന്നങ്ങളും പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജിഷാദിനെയും ഉത്പന്നങ്ങളുടെ സൂക്ഷിപ്പുകാരനായ ഹസനെയും പിടികൂടി. ഹസന്റെ കാറിൽ നിന്ന് 8000 പാക്കറ്റ് കണ്ടെടുത്തു. പാക്കറ്റൊന്നിന് 5 രൂപയ്ക്ക് തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി 50 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
ജില്ലാ പൊലീസ് ചീഫ് കെ.എം. ടോമി, ചേർത്തല എ.എസ്.പി ആർ.വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിൽ അർത്തുങ്കൽ പൊലീസ്, സൈബർ സെൽ തുടങ്ങിയവരാണ് അന്വേഷണം നടത്തിയത്. പട്ടണക്കാട് എസ്.ഐ അമൃതരംഗൻ, അർത്തുങ്കൽ എസ്.ഐ ചന്ദ്രശേഖരൻനായർ, ഉദ്യോഗസ്ഥരായ മനോജ് കൃഷ്ണൻ, കെ.ജെ.സേവ്യർ,കെ.പി.ഗിരീഷ്, ബി.അനൂപ്, എ.ബി.അഗസ്റ്റിൻ, പി.ആർ.പ്രവീഷ്, ജിതിൻ, സൈബർ സെൽ എസ്.ഐ അജിത്ത്, അഫ്‌സൽ, ബിജു, ആന്റണി എന്നിവർ സംഘത്തിലുണ്ടായിരുന്നു.