balabaskar

തിരുവനന്തപുരം: ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടയുടൻ സ്ഥലത്തെത്തിയ ഒരാൾ വാഹനത്തിന്റെ മുൻവശത്തുണ്ടായിരുന്ന രക്തക്കറ തുടച്ചുനീക്കിയതായ ആരോപണത്തെപ്പറ്റി ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.ഇതിന്റെ ഭാഗമായി അപകടസ്ഥലത്ത് ആദ്യമെത്തിയ സ്ഥലവാസികളെയും വഴിയാത്രക്കാരെയും പൊലീസുദ്യോഗസ്ഥരെയും നേരിൽകണ്ട് വിശദമായി ചോദ്യം ചെയ്യും. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കള്ളക്കടത്ത് കേസിൽ ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജരായിരുന്ന പ്രകാശ് തമ്പി ഡി.ആർ.ഐയുടെ പിടിയിലായതോടെയാണ് ബാലഭാസ്കറിന്റെ മരണവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച പിതാവ് സി.കെ ഉണ്ണിയുടെ പരാതിയിൽ അന്വേഷണം ഊർജിതമാക്കിയത്.

ബാലഭാസ്കറിന്റെ മരണത്തിൽ തുടക്കം മുതൽ സംശയം പ്രകടിപ്പിച്ചിരുന്ന പിതാവിന്റെ പരാതിക്ക് പുറമേ വാഹനത്തിലെ രക്തക്കറ തുടച്ചുനീക്കിയതായ വെളിപ്പെടുത്തലും സ്ഥലത്ത് നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടതായും മറ്റൊരാൾ ബൈക്കിൽ കയറി കടന്നതായുമുള്ള വിവരങ്ങളും അന്വേഷണ പരിധിയിൽ വരും. അപകടസ്ഥലത്ത് തടിച്ചുകൂടിയ ആളുകളിലാരോ ഒരാൾ മരത്തിലിടിച്ച് തകർന്ന വാഹനത്തിന്റെ മുൻവശത്തുണ്ടായിരുന്ന രക്തക്കറകൾ തുടച്ച് വൃത്തിയാക്കിയതായി സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാളുടെ വെളിപ്പെടുത്തലിനാണ് അട്ടിമറി സംശയത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം പ്രാധാന്യം നൽകുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെ ബാലഭാസ്കറിന്റെ കുടുംബവീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ബാലഭാസ്കറിന്റെ ബന്ധു പ്രിയവേണുഗോപാൽ, ബാലഭാസ്കർ അപകടത്തിൽപ്പെട്ട സമയം മുതൽ അന്ത്യം വരെ ആശുപത്രിയിലുണ്ടായിരുന്ന പ്രിയയുടെ ഭർത്താവായ ഡോ. അനൂപ് എന്നിവരിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ പിതാവ് സി.കെ ഉണ്ണി ഉന്നയിച്ചിരുന്ന സംശയങ്ങളും അന്വേഷണസംഘം മുമ്പാകെ ബാലുവിന്റെ കുടുംബം ചൂണ്ടിക്കാണിക്കാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളും പ്രിയവേണുഗോപാൽ ഇന്നലെ വിശദീകരിച്ചു.

അപകടത്തിൽ വാഹനം ഓടിക്കുന്നയാൾക്കും പിൻ സീറ്റിൽ യാത്രചെയ്യുന്നയാൾക്കുമുണ്ടാകാനിടയുള്ള പരിക്കുകൾ ബാലഭാസ്കറിന്റെ മെഡിക്കൽ റിപ്പോർട്ടിന്റെ സഹായത്തോടെ വിലയിരുത്തി. അപകടത്തിൽ പരിക്കേറ്റ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അർജുനാണ് വാഹനം ഓടിച്ചതെന്നാണ് തുടക്കം മുതൽ ലക്ഷ്മി വെളിപ്പെടുത്തിയിരുന്നത്. ഇതിനുശേഷം അർജുന്റെയും ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന പ്രകാശ് തമ്പിയുടെയും മൊഴിയെടുക്കും.

ഇന്ന് രാവിലെ ഐ.ജി.ശ്രീജിത്ത്, എസ്.പി ആന്റണി എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം വിലയിരുത്തും. ബാലഭാസ്കറിനെ ചികിത്സിച്ച ഡോക്ടർമാരെയും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാരെയും നേരിൽകണ്ട് ബാലഭാസ്കറിന്റെ പരിക്കുകളും ഇതുണ്ടാകുന്ന സാഹചര്യവും വിശദമായി വിലയിരുത്തും. ഇതിനുശേഷം ആവശ്യമെന്ന് കണ്ടാൽ അപകടം പുനരാവിഷ്കരിച്ച് മറ്ര് തരത്തിലുള്ള സംശയങ്ങൾ ദുരീകരിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.