crime

കൊല്ലം: പ്രവാസിയുടെ ഭാര്യയും കുട്ടികളും താമസിക്കുന്ന വീട്ടിൽ ഗുണ്ടയുടെ പരാക്രമം. വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറാൻ ശ്രമിക്കുന്നതിനിടെ വിവരം അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. മുണ്ടയ്‌ക്കൽ മേരാ നഗർ പണിക്കശേരി വീട്ടിൽ സുധീഷിന്റെ ഭാര്യ രേഷ്‌മയും കുട്ടികളുമാണ് ഗുണ്ടയുടെ അതിക്രമത്തിന് ഇരയായത്. തില്ലേരി ജോസ് എന്ന അയൽവാസിയാണ് ഇന്നലെ രാത്രി പത്തരയോടെ വീടിന് മുന്നിലെത്തി അകാരണമായി ചീത്ത വിളിച്ചതെന്ന് രേഷ്‌മ കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.

മുൻ വാതിലും അടുക്കള വാതിലും തകർക്കാനുള്ള തില്ലേരി ജോസിന്റെ ശ്രമം വിഫലമായപ്പോൾ ജനൽ ചില്ലുകൾ തകർത്ത് കലിയടക്കി. ഈ സമയം രേഷ്‌മ മകളുമായി ആശുപത്രിയിലായിരുന്നു. എട്ട് വയസുള്ള മകനും രേഷ്‌മയുടെ വൃദ്ധനായ പിതാവും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഇവർ അറിയിച്ചതനുസരിച്ചാണ് രേഷ്‌മ പൊലീസിനെ വിളിച്ചത്. തങ്ങൾ ഉളിയക്കോവിൽ ഭാഗത്ത് നിൽക്കുകയാണെന്ന ലാഘവം നിറഞ്ഞ മറുപടി പറഞ്ഞ പൊലീസ് പിന്നീട് പോലും സംഭവ സ്ഥലത്ത് എത്തിയില്ല. നിരവധി ക്രമിനൽ കേസുകളിൽ പ്രതിയായ തില്ലേരി ജോസ് കേസിൽ പ്രതിയായി റിമാൻഡിലും ആക്രമണ കേസിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നതിനാലും കുറെ നാളായി നാട്ടിൽ ഇല്ലായിരുന്നു.