നെയ്യാറ്റിൻകര:ഇന്ന് ലോക പരിസ്ഥിതി ദിനം. ഈ ദിനത്തിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ മകുടോദാഹരണമായി മാറിയ ചെങ്കൽകുളം പരിസ്ഥിതിയിൽ ഏൽപിച്ച മാറ്റത്തെപ്പറ്റി മനസിലാക്കാം..
വർഷങ്ങളോളം ചെളിയും ചെറും നിറഞ്ഞ് ചെടിയും കാട്ടുവള്ളികളും പടർന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും സംഭരണിയായിരുന്നു ചെങ്കൽ വലിയകുളം. എന്നാൽ ഇന്ന് പരിസ്ഥിതി സംരക്ഷണത്തിന്റെ മകുടോദാഹരണമാകുകയാണ് ഈ കുളം.
നാട്ടുകാരുടെ നിരന്തര പരിശ്രമമാണ് കുളം നവീകരിക്കാൻ ഇടയാക്കിയത്. ഏതാണ്ട് 27 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ കുളം പരിസ്ഥിതി സ്നേഹികളുടെ നിതാന്ത പരിശ്രമത്തിന്റെ നേർക്കാഴ്ചകൂടിയാണ്. നാശത്തിന്റെ പൂർണതയിലേക്കെത്തിയ കുളം 2009ൽ ഗാന്ധിമിത്ര മണ്ഡലം പുനരുദ്ധാരണം ഏറ്റടുത്തതോടെയാണ് കുളത്തിന് ശാപമോക്ഷം കിട്ടുന്നത്. മിത്ര മണ്ഡലം സെക്രട്ടറിയായിരുന്ന സനിൽകുളത്തിങ്കലിന്റെ പരിശ്രമ ഫലമായി ഗാന്ധിയൻ പ്രവർത്തകരൊക്കെ ഇവിടെ ഒത്തുകൂടി. ആദ്യം നാട്ടുകാർ കുളം വൃത്തിയാക്കാനൊരുങ്ങി.പക്ഷെ ആഴത്തിലുള്ള ചെളി നീക്കം ചെയ്യൽ നന്നേ പ്രയാസകരമായിരുന്നു. തുടർന്ന് സംസ്ഥാന യുവജന ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ തിരുവനന്തപുരം ജില്ലയിലെ നാഷണൽ സർവീസ് സ്കീമിൽ അംഗങ്ങളായിട്ടുള്ള, തിരുവനന്തപുരം ലോ കോളേജിലുൾപ്പെടെയുള്ള വിദ്യാർത്ഥികൾ ശ്രമദാനവുമായി ചെങ്കലിലെത്തി. കുളം നവീകരിച്ചതോട 2010ൽ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇവിടെ വള്ളം കളിയും നടന്നു.
ജല സമൃദ്ധമായിരുന്ന കുളത്തിനെ ആശ്രയിച്ച് ഏക്കറുകണക്കിന് പാടങ്ങളിലാണ് നെൽകൃഷി ചെയ്തിരുന്നത്. എന്നാൽ കുളം നശിക്കാൻ തുടങ്ങിയതോടെ നെൽപ്പാടങ്ങൾ പാഴ്ഭൂമിയും വാഴത്തൊപ്പുകളുമായി മാറിയിരുന്നു.
ഒരു കാലത്ത് ചെങ്കൽ, വട്ടവിള, വ്ലാത്താങ്കര പ്രദേശത്ത് വ്യാപിച്ചു കിടന്ന ഹെക്ടർ കണക്കിന് വാഴത്തോട്ടങ്ങളിലേക്ക് ജലം ഒഴുകിയെത്തുന്ന, ഒരിക്കലും വറ്റാത്ത ജലസംഭരണിയായിരുന്നു ചെങ്കൽ വലിയ കുളം. ഇവിടത്തെ കൃഷിപ്പാടങ്ങളിൽ നിന്നും കുല വാങ്ങുവാനായി കാളവണ്ടികളിൽ തമിഴ്നാട്ടിൽ നിന്നും വൻകിട കുലവ്യാപാരികൾ എത്തുമായിരുന്നു. ഉദിയിൻകുളങ്ങര ചന്തയിലും ചെങ്കൽ വാഴത്തോട്ടങ്ങളിൽ നിന്നും കുലകൾ ശേഖരിച്ച് വ്യാപാരികൾ പോകുമായിരുന്നതായി പഴമക്കാർ പറയുന്നു. ഇന്നും വാഴക്കുല വില കുറച്ചു ലഭിക്കുന്നത് ഉദിയിൻകുളങ്ങര ചന്തയിലാണ്.
ഇല്ലാതാകുന്ന ഗ്രാമീണതയെ നാട്ടിൻ പുറങ്ങളിൽ പുനഃസ്ഥാപിക്കുകയും നഗരങ്ങളിൽ ലഭ്യമായ ഇടങ്ങളിലൊക്കെ പച്ചപ്പിനെ വീണ്ടുമെത്തിക്കുകയുമാണ് ജൈവ വൈവിദ്ധ്യ പുനരുജ്ജീവന പദ്ധതിയായ പച്ചത്തുരുത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി തരിശ് ഭൂമികളിൽ വനവൃക്ഷങ്ങളും വെച്ചുപിടുപ്പിക്കും.
ഇതിലൂടെ അന്തരീക്ഷ താപനില നിയന്ത്രിക്കാനാകും ഒപ്പം
പക്ഷികളും ഷഡ്പദങ്ങളുമുൾപ്പടെ ജീവി വർഗങ്ങളുടെ ആവാസ്ഥ വ്യവസ്ഥയായി മാറാനും
പച്ചത്തുരുത്തിലൂടെ കഴിയും.
നെയ്യാറ്റിൻകര,പാറശാല നിയോജക മണ്ഡലങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 'പച്ചത്തുരുത്ത്' പദ്ധതി നടപ്പാക്കുമെന്ന് എം.എൽ.എമാരായ കെ. ആൻസലനും സി.കെ. ഹരീന്ദ്രനും പറഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന അര സെന്റുമുതൽ കൂടുതൽ വിസ്തൃതിയുള്ള തരിശുഭൂമിയിൽ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങൾ ഉൾപ്പെടെ വച്ച് പിടിപ്പിച്ച് സ്വാഭാവിക ജൈവവൈവിധ്യ തുരുത്തുകൾ നിർമ്മിക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
കാലാകാലങ്ങളായി കൃഷിക്ക് മുതൽ കൂട്ടായിരുന്ന വലിയകുളം നശിക്കാൻ തുടങ്ങിയതോടെ പാടശേഖരങ്ങളും നശിക്കാൻ തുടങ്ങി. ഘടനമാറ്റിയുള്ള കൃഷിയിലൂടെ പാടശേഖരങ്ങൾ നികത്താൻ തുടങ്ങി. പാടങ്ങൾ നികത്തുന്നത് തടയാൻ കർശന നിയന്ത്രണം വരുത്താനായാണ് തണ്ണീർത്തട നിയമം സർക്കാർ ആവിഷ്കരിച്ചത്.
നെൽവയൽ-നീർത്തട സംരക്ഷണ നിയമം നടപ്പാക്കിയതുമുതൽ ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായല്ലാതെ കേരളത്തിൽ നെൽവയലുകൾ നികത്തുന്നതോ, രൂപാന്തരപ്പെടുത്തുന്നതോ നിരോധിച്ചിരിക്കുന്നു (വകുപ്പ് 6). എന്നാൽ, നെൽവയലിന്റെ പാരിസ്ഥിതിക സ്വഭാവത്തിന് മാറ്റം വരുത്താത്തരീതിയിൽ ഇടവിളകൾ കൃഷിചെയ്യുന്നതിനോ, വയൽ സംരക്ഷണത്തിനായുള്ള പുറംബണ്ടുകൾ നിർമ്മിക്കുന്നതിനോ ഈ വകുപ്പിലെ നിരോധനം തടസമാകുന്നില്ല.
ലോക പരിസ്ഥിതി ദിനമായ ഇന്ന് ചെങ്കൽ വലിയകുളത്തിലെ ഗാന്ധിതീർത്ഥക്കരയിൽ വൃക്ഷ ത്തൈ നട്ട് പരിസ്ഥിതി ദിനം ആചരിക്കും. പരിസ്ഥിതിയെ കുറിച്ച് പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും നൽകും.
captuion
ചെങ്കൽ വലിയകുളത്തിൽ വളരുന്ന പായലും മറ്റും ഗാന്ധിമിത്ര മണ്ഡലം പ്രവർത്തകർ നീക്കം ചെയ്യുന്നു.