കണ്ണൂർ: കേരള രാഷ്ട്രീയത്തിൽ എ.പി അബ്ദുള്ളക്കുട്ടി വീണ്ടും ചരിത്രം രചിക്കുന്നു. നരേന്ദ്രമോദിയെ സ്തുതിച്ചതിന്റെ പേരിൽ 2009ൽ സി.പി.എമ്മിൽനിന്ന് പുറത്തുവന്ന് കോൺഗ്രസിൽ ചേർന്ന അബ്ദുള്ളക്കുട്ടി മോദിയെ പ്രകീർത്തിച്ചതിന്റെ പേരിൽ കോൺഗ്രസിൽനിന്നും പുറത്തായതോടെയുണ്ടായ രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യങ്ങൾക്ക് വിരാമമാകുന്നു. താൻ പൊതുജീവിതത്തിൽനിന്ന് ഒളിച്ചോടില്ലെന്നും സജീവമായി രാഷ്ട്രീയത്തിൽ ഉണ്ടാകുമെന്നും അബ്ദുള്ളക്കുട്ടി കേരളകൗമുദി ഫ്ളാഷിനോട് പറഞ്ഞു. താൻ എപ്പോഴും വികസന കാഴ്ചപ്പാടോട് ചേർന്ന് നിന്ന് പ്രവർത്തിച്ചയാളാണെന്നും, അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വികസന മുരടിപ്പിന് കൂട്ടുനിൽക്കുന്നവരെ കാലം ചവറ്റ്കൊട്ടയിലേക്ക് തള്ളുമെന്നും താനാണ് ശരിയെന്ന് കാലം തെളിയിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. മോദിയുടെ വികസന നയവും കാഴ്ചപ്പാടും ഉയർത്തിപിടിക്കുന്ന അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് പോകുമെന്ന് ഇതോടെ ഉറപ്പായി. അബ്ദുള്ളക്കുട്ടിയെപോലുള്ള ഒരു പൊതുപ്രവർത്തകൻ ബി.ജെ.പിയിലെത്തിയാൽ അർഹിക്കുന്ന സ്ഥാനംതന്നെ ലഭിക്കുകയും ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. ബി.ജെ.പിയിൽ ചേരുന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹവുമായി അടുത്ത് ബന്ധമുള്ളവർ പറഞ്ഞു.
ബി.ജെ.പിയിൽ എത്തിക്കഴിഞ്ഞാൽ അബ്ദുള്ളകുട്ടി കർണാടകത്തിൽ പ്രവർത്തിക്കണോ, അതല്ല കേരളത്തിൽ സജീവമാകണോ എന്നുള്ള കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ വ്യക്തമാക്കി. കെ.പി.സി.സി നേതൃത്വത്തിനെതിരെ രൂക്ഷ പരാമർശങ്ങളാണ് അബ്ദുള്ളക്കുട്ടി ഉയർത്തുന്നത്. താൻ തെറ്റ് ചെയ്തിട്ടില്ല. തന്റെ ഫേസ്ബുക്ക് പോസ്റ്റ് സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതിൽ എടുത്ത് നിൽക്കുന്നത് ഗാന്ധിജിയാണ്, മോദിയല്ലെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. ഗാന്ധിജിയുടെ ആശയമാണ് മോദി പ്രാവർത്തികമാക്കിയതെന്നാണ് ഫേസ്ബുക്ക് പോസ്റ്റ് വിശദമാക്കുന്നത്.
കോൺഗ്രസിന്റെ പരാജയത്തിന്റെ കാരണം മനസിലാക്കുന്നതിനോടൊപ്പം മുല്ലപ്പള്ളി ബി.ജെ.പിയുടെ വിജയത്തിന്റെ ഉയരം കൂടി പഠിക്കണമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കോൺഗ്രസിൽ ചേർന്നത് സീറ്റ് മോഹിച്ചല്ല. പോസറ്റീവ് രാഷ്ട്രീയത്തിന്റെ ആളാണ് താൻ. തിരുത്തൽ നടപടികൾ ഉണ്ടാവാൻ വേണ്ടിയാണ് വിമർശനമുയർത്തിയതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രിയ്‌ക്കെതിരെ നിരന്തരമായി ആരോപണങ്ങൾ ഉന്നയിച്ച് കേരളത്തിന്റെ അന്തസ്സ് കെടുത്തരുത്. കോൺഗ്രസിൽ നിന്നുള്ള പുറത്താക്കൽ മുൻവിധിയോടുള്ള സമീപനമെന്നും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. ബി.ജെ.പി ടിക്കറ്റിൽ അബ്ദുള്ളക്കുട്ടി ഉപതിരഞ്ഞെടുപ്പിൽ എവിടേയെങ്കിലും മത്സരിക്കുമോ എന്നും രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്ന മറ്റൊരു കാര്യമാണ്. അബ്ദുള്ളക്കുട്ടിയിലൂടെ ബി.ജെ.പി മഞ്ചേശ്വരത്ത് താമര വിരിയിക്കുമോ എന്നതും കണ്ടറിയേണ്ടതാണ്.