krishnan

നെയ്യാ​റ്റിൻകര: ആറയൂർ വിനു കൊലക്കേസിലെ പ്രതി കടമ്പാട്ടുവിള മേലെ പുത്തൻവീട്ടിൽ ഷാജിയുടെ (47) മൊഴിയുടെ അടിസ്ഥാനത്തിൽ പിതാവ് കൃഷ്ണനെ കൊലപ്പെടുത്തിയത് സംബന്ധിച്ച് കേസെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. പിതൃഘാതകനായ ഷാജിക്ക് ശിക്ഷ ലഭിക്കത്തക്ക രീതിയിൽ മതിയായ തെളിവുകൾ കണ്ടെത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

2009 ജനുവരി 13 നാണ് കൃഷ്ണനെ കാറിൽ പിടിച്ചുകൊണ്ടുപോയി കൊന്ന് മകൻ ഷാജി അരുമന തേയ്മാനൂർ പാലത്തിനടുത്ത് ആറ്റിൽ തള്ളിയത്. അ‌ജ്ഞാത മൃതദേഹമെന്ന നിലയിൽ അരുമന പൊലീസ് മൃതദേഹം സംസ്കരിച്ചു. വെട്ടുവന്നി ഗവ. ആശുപത്രിയിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെയും ഷാജിയുടെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുക്കുന്നത്. പത്തുവർഷം മുമ്പുള്ള കേസായതിനാൽ രേഖകൾ അരുമന പൊലീസ് കന്യാകുമാരി ആർ.ഡി.ഒയ്ക്ക് കൈമാറിക്കഴിഞ്ഞു. മൃതദേഹ പരിശോധനാ റിപ്പോർട്ടും കേസിലെ നിർണായക തെളിവായി മാറും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇൻക്വസ്റ്റ് റിപ്പോർട്ടും കന്യാകുമാരി ആർ.ഡി.ഒയോട് പാറശാല പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഷാജിയെയും വിനു വധക്കേസിലെ രണ്ടാം പ്രതി ആറയൂർ എള്ളുവിള പുത്തൻവീട്ടിൽ പല്ലൻ അനിയെയും (42) കസ്റ്റഡിയിൽ കിട്ടുന്ന മുറയ്ക്ക് കൂടുതൽ ചോദ്യംചെയ്യും. തുടർന്ന് അരുമനയിൽ കൊണ്ടുപോയി തെളിവെടുത്തശേഷം കേസെടുക്കുമെന്ന് പാറശാല പൊലീസ് പറഞ്ഞു.

പഞ്ചായത്ത് രേഖകളിലും തിരിമറി

2009 ജനുവരി 13 നാണ് കൃഷ്ണൻ മരിച്ചതെങ്കിലും 2014 നവംബർ 10ന് വീട്ടിൽവച്ച് മരിച്ചതായ ഷാജിയുടെ അറിയിപ്പിന്മേൽ 2015 ജനുവരി 15 നാണ് ചെങ്കൽ പഞ്ചായത്തിൽ മരണ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്തത്. ഒരാളെ കാണാതായാൽ 7 വർഷത്തിനുശേഷം മരിച്ചതായി കണക്കാക്കിയുള്ള നിയമ നടപടികൾ സ്വീകരിക്കാമെന്ന നിയമോപദേശത്തിന്റെ പിന്തുണയിലാണ് ഷാജി പഞ്ചായത്തിൽ നിന്ന് മരണ സർട്ടിഫിക്കറ്റ് വാങ്ങിയതെന്ന് പൊലീസ് പറയുന്നു. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കൃഷ്ണന്റെ പേരിലുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് തുക പിൻവലിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ഈ വിവരങ്ങളെല്ലാം കാണിച്ച് ഒരാൾ പാറശാല പൊലീസിന് ഊമക്കത്ത് അയച്ചിരുന്നു. പൊലീസ് കേസെടുത്തില്ലെങ്കിലും അനൗദ്യോഗികമായി ഷാജിയെയും മരണമടഞ്ഞ വിനുവിനെയും മറ്റുള്ളവരെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു. പിതാവ് കൃഷ്ണനെ ഷാജിയും കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസിന് ഊമക്കത്തിലൂടെ കൃത്യമായ വിവരം ലഭിച്ചിട്ടും കേസ് രജിസ്റ്റർ ചെയ്ത് തുടർ അന്വേഷണം നടത്താത്തതിനെതിരെ പ്രതിഷേധമുണ്ട്. കേസ് പൊലീസ് അന്വേഷിക്കാതെ വന്നതോടെ കൊല്ലപ്പെട്ട വിനു പൊലീസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഷാജിയിൽ നിന്ന് പലപ്പോഴായി പണം ആവശ്യപ്പെട്ടിരുന്നു. അതിനിടെ, കേസിൽ ഒളിവിൽ പോയ മണികണ്ഠൻ, റെജി എന്നിവരെ കുറിച്ച് അന്വേഷണം പൊലീസ് കൂടുതൽ ഊർജ്ജിതപ്പെടുത്തി.