padam

കോപ്പൻഹേഗൻ: അടിവസ്ത്രങ്ങൾ കഴുകാതെ ഉപയോഗിച്ചാൽ പണി ഉറപ്പ്. ഇതൊക്കെ പഴയകാര്യം. ആഴ്ചകളോളം കഴുകാതെ ഉപയോഗിക്കാൻ പറ്റുന്ന അടിവസ്ത്രങ്ങൾ റെഡി. ഡെന്മാർക്കിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ഇതിനുപിന്നിലെ ബുദ്ധികേന്ദ്രം. 2017ലാണ് കമ്പനി കഴുകാത്ത അടിവസ്ത്രം എന്ന ആശയം മുന്നോട്ടുവച്ചത്.സംഗതി ക്ലിക്കായി . ആവശ്യമായ ഫണ്ടും ലഭിച്ചു. അതോടെ ഉല്പാദനം തുടങ്ങുകയായിരുന്നു. അടിവസ്ത്രങ്ങൾക്കൊപ്പം ടീ ഷർട്ട്, ബനിയൻ, സോക്സ് തുടങ്ങിയവയും നിർമ്മിക്കുന്നുണ്ട്. വെള്ളിയാണ് കഴുകാത്ത വസ്ത്രങ്ങളിലടങ്ങിയിരിക്കുന്ന പ്രധാന ഘടകം എന്നാണ് കമ്പനി പറയുന്നത്. നാസ ബഹിരാകാശയാത്രക്കാർക്കുള്ള കുടിവെള്ളം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നതെന്നാണ് അവരുടെ അവകാശവാദം.

ആശയം കുറച്ചുകൂടി നവീകരിച്ച് കമ്പനി വീണ്ടും രംഗത്തെത്തി. 100 ശതമാനം റീസൈക്കിൾഡ് പദാർത്ഥങ്ങൾ കൊണ്ടാണ് നവീകരിച്ച അടിവസ്ത്രങ്ങൾ നിർമ്മിക്കുന്നത് . ഇതിനൊപ്പം പുതിയ തയ്യൽ രീതികളും ഉപയോഗിക്കുന്നു. ഇതിലൂടെ അടിവസ്ത്രങ്ങൾ ഒരുപാട് കാലം പ്രശ്നമൊന്നുമില്ലാതെ നിലനിൽക്കും. ഈ അടിവസ്ത്രം സ്വയം ശുദ്ധീകരിക്കപ്പെടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്വയം ബാക്ടീരിയകളെ കൊല്ലുന്നതിനോടൊപ്പം ഇത് ദുർഗന്ധം മാറ്റുമെന്നും കമ്പനി പറയുന്നു.അതിനാൽ ഉപയോഗിക്കുന്നവർക്ക് ത്വക് രോഗം ഉൾപ്പെടെയുള്ളവയെ ഭയപ്പെടേണ്ടതില്ല.