ആവശ്യത്തിലേറെ മുൻകരുതലുകളും രക്ഷാമാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് ആവർത്തിച്ച് ഉറപ്പു നൽകാൻ ആരോഗ്യവകുപ്പ് മുന്നോട്ടു വരുന്നുണ്ടെങ്കിലും കേരളം രണ്ടാമതൊരു നിപ ഭീതിയുടെ പിടിയിലാണിപ്പോൾ. ഭയവും പരിഭ്രാന്തിയും ഈ രോഗത്തിന് ഒരു വിധത്തിലും പ്രതിവിധിയാകുന്നില്ല എന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടത്.
പ്രതിരോധത്തിൽ ഊന്നിയുള്ള ആരോഗ്യവകുപ്പിന്റെ നടപടികളുമായി ജനങ്ങൾ പൂർണമായി സഹകരിക്കുകയാണു വേണ്ടത്. കഴിഞ്ഞ വർഷം ഇതേ നാളുകളിൽ കോഴിക്കോടിനെ മുൾമുനയിൽ നിറുത്തിയ നിപ ബാധയെ നിശ്ചയദാർഢ്യത്തോടെ വിജയകരമായി നേരിട്ട അനുഭവം മുമ്പിലുള്ളതിനാൽ ചിട്ടയായ പ്രവർത്തനങ്ങൾ ഇപ്പോൾ സാദ്ധ്യമാണ്. രോഗബാധ സ്ഥിരീകരിക്കാനും രോഗം പിടിപെട്ടവരെ ഫലപ്രദമായി ചികിത്സിച്ച് സുഖപ്പെടുത്താനുമുള്ള സാഹചര്യവും ഇപ്പോഴുണ്ട്. എന്തിനും തയാറായി വിദഗ്ദ്ധ ഡോക്ടർമാരും മറ്റ് മെഡിക്കൽ സ്റ്റാഫും ഒപ്പമുണ്ട്. അതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമേയില്ല. അതീവ ജാഗ്രതയോടെ സ്ഥിതിഗതികൾ നേരിടാനുള്ള മാനസികാവസ്ഥ നിലനിറുത്തുക എന്നതാണ് ഈ അവസരത്തിൽ വേണ്ടത്. ഇതുമായി ബന്ധപ്പെട്ട സർക്കാരിന്റെ യജ്ഞങ്ങളുമായി ജനങ്ങൾ പരിപൂർണമായി സഹകരിക്കുകയും വേണം. എന്തും വൈറലാക്കാനും അതിലൂടെ ആത്മസംതൃപ്തിയടയാനും കൊതിക്കുന്ന സോഷ്യൽ മീഡിയ ഭ്രാന്തന്മാർ കുറച്ചുദിവസങ്ങളെങ്കിലും അടങ്ങിയിരിക്കാനും ശ്രദ്ധിക്കണം. ഇല്ലാത്ത കഥകൾ ചമച്ച് ജനങ്ങളെ ഭീതിയുടെ ഇരുട്ടറകളിലേക്ക് തള്ളിവിടാൻ നോക്കരുത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് നിപ ബാധ തന്നെയെന്ന് പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. നേരത്തേ തന്നെ ഇവിടത്തെ പരിശോധനയിലും ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ് കണ്ടെത്തിയിരുന്നത്. ആധികാരികമായ സ്ഥിരീകരണം ലഭിച്ചുകഴിഞ്ഞ സ്ഥിതിക്ക് രോഗവ്യാപനം കർക്കശമായി തടയാനും രോഗലക്ഷണവുമായി എത്തുന്നവരെ ഐസലേഷൻ വാർഡിലാക്കി ചികിത്സിക്കാനുമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷം കോഴിക്കോട്ട് നിപ ബാധ ഉണ്ടായപ്പോൾ ചികിത്സാസംഘത്തിലുണ്ടായിരുന്ന വിദഗ്ദ്ധ മെഡിക്കൽ ടീമിന്റെ സേവനവും കൊച്ചി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉറപ്പാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേരിട്ടുള്ള സാന്നിദ്ധ്യം കാര്യങ്ങൾ അതിവേഗത്തിലും ചിട്ടയോടെയും കൊണ്ടുപോകാൻ ഏറെ സഹായകമായിട്ടുണ്ട്. നിപ ബാധ സ്ഥിരീകരിക്കപ്പെട്ട വിദ്യാർത്ഥിയുമായി ബന്ധപ്പെട്ട 86 പേരെ വിവിധ സ്ഥലങ്ങളിലായി തിരിച്ചറിഞ്ഞു കഴിഞ്ഞു. അവരെല്ലാം നിരീക്ഷണത്തിലാണ്. വിദ്യാർത്ഥിയുടെ രണ്ട് സുഹൃത്തുക്കളിലും നേരത്തേ ചികിത്സ നടന്ന ആശുപത്രിയിലെ രണ്ട് നഴ്‌സുമാരിലും രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് അവരെ ആശുപത്രിയിലാക്കി വിദഗ്ദ്ധ ചികിത്സ നൽകുന്നുണ്ട്. പൂനയിൽ നിന്ന് നിപയ്‌ക്കുള്ള ഔഷധവും എത്തി. എറണാകുളം, തൃശൂർ, കൊല്ലം ജില്ലകളിൽ നിപ നേരിടാനുള്ള എല്ലാ ഒരുക്കങ്ങളും ചെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിലും മൂന്ന് വിദ്യാർത്ഥികൾ നിപ സംശയത്തെത്തുടർന്ന് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിയുമൊന്നിച്ച് യാത്ര ചെയ്തവരാണിവർ. മറ്റു ജില്ലകളിലും ഏത് അടിയന്തര സ്ഥിതിയും നേരിടാനുള്ള കരുതൽ നടപടികൾ സജ്ജമാക്കി വരികയാണ്. അനാവശ്യ ഭീതിക്കടിമപ്പെടാതെ സാധാരണ ജീവിതം തുടരുന്നതിലാകണം ജനങ്ങളുടെ ശ്രദ്ധ.
നിപ പിടിപെട്ട എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ഏതു സാഹചര്യത്തിൽ എവിടെ നിന്നാണു രോഗാണു ഉള്ളിൽ കടന്നുകൂടിയതെന്നു കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യവകുപ്പ് പ്രവർത്തകർ. അതീവ ശ്രമകരമായ കാര്യമാണത്. കോഴിക്കോട്ട് നിപ ബാധ ഉണ്ടായപ്പോഴും ഉറവിടം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. രോഗം സ്ഥിരീകരിക്കപ്പെട്ട പശ്ചാത്തലത്തിൽ അത് കൂടുതൽ പടരാതിരിക്കാനുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങളിലേർപ്പെടുക എന്നതു മാത്രമാണ് പോംവഴി. ഇക്കാര്യങ്ങളിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലവും മാതൃകാപരവുമാണെന്ന് പ്രത്യേകം പറയേണ്ടിയിരിക്കുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ അക്ഷരംപ്രതി പാലിക്കാൻ ജനങ്ങൾ ശ്രദ്ധിച്ചാൽ രോഗം വ്യാപിക്കുന്നത് തടയാനാവും.
നിപ ലക്ഷണവുമായി ആശുപത്രിയിൽ കഴിഞ്ഞ വിദ്യാർത്ഥിയിൽ രോഗസ്ഥിരീകരണത്തിനായി പൂനെ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് കണ്ണുംനട്ട് കാത്തിരിക്കവെ ഒരിക്കൽകൂടി ഈ രംഗത്ത് സംസ്ഥാനത്തിന്റെ ഭാഗത്തു പ്രകടമായ ഉദാസീനതയെക്കുറിച്ച് പറയാതെ തരമില്ല. പലതരം പകർച്ചവ്യാധികൾക്ക് വിളനിലമായ കേരളത്തിന് തനതായ ഒരു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആലപ്പുഴയിൽ ചെറിയതോതിൽ പ്രവർത്തിച്ചിരുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് പകരമായാണ് തോന്നയ്ക്കലെ ലൈഫ് സയൻസ് പാർക്കിൽ അതിവിപുലമായ സൗകര്യങ്ങളോടെ അത്യാധുനിക വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കൊട്ടും ഘോഷവുമായി ഉദ്ഘാടനം നടന്നെങ്കിലും ആവശ്യത്തിന് വിദഗ്ദ്ധരെ നിയമിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. നടപടിക്രമങ്ങളിലെ സ്വതസിദ്ധമായ കാലതാമസവും സർക്കാർ കാര്യം മുറപോലെ എന്ന സമീപനവും ഇൻസ്റ്റിറ്റ്യൂട്ടിനെ ബാധിച്ചിട്ടുണ്ട്. വീണ്ടുമൊരു നിപ ഭീതിയിൽ സംസ്ഥാനം ഉഴലുമ്പോഴെങ്കിലും ഈ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനക്ഷമമാക്കാനുള്ള നടപടിക്ക് സർക്കാർ മുൻകൈയെടുക്കേണ്ടതുണ്ട്.