pinarayi-vijayan

തിരുവനന്തപുരം: ജലഅപകടങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നീന്തൽപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള ഫയർഫോഴ്സ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.എഫ്.ഒ.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പല വിദേശ രാജ്യങ്ങളിലെയും പോലെ സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ തന്നെ നീന്തൽപഠനം തുടങ്ങണം. അപകടത്തിൽപ്പെട്ടാൽ ഫയർഫോഴ്സോ മറ്റ് രക്ഷാപ്രവർത്തകരോ എത്തുംവരെ മുങ്ങിപ്പോവാതിരിക്കാൻ ഇത് അനിവാര്യമാണ്. ദുരന്തമുഖങ്ങളിൽ രക്ഷാപ്രവർത്തനം നടത്താൻ രൂപം നൽകിയ സിവിൽ ഡിഫൻസ് സംവിധാനം ശക്തിപ്പെടുത്തും. ദുരന്തങ്ങൾ ഉണ്ടാവുമ്പോൾ ഫയർഫോഴ്സ് എത്തുംവരെയുള്ള നിർണായക സമയത്ത് നന്നായി ഇടപെടാൻ കഴിയുന്നവരാണ് സിവിൽ ഡിഫൻസ് ടീം. വാഹനാപകടങ്ങൾ ഉണ്ടായാലും ഇവർക്ക് രക്ഷാപ്രവർത്തനം നടത്താനാവും. മതിയായ പരിശീലനം നൽകി ഇവരുടെ പ്രവർത്തനം ശക്തിപ്പെടുത്തും. പ്രളയകാലത്ത് ഫയർഫോഴ്സ് നടത്തിയ പ്രവർത്തനം തീർത്തും മാതൃകാപരമാണെന്നും അതിന് ഒരിക്കൽ കൂടി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന ചടങ്ങിൽ കെ.എഫ്.ഒ.എ സംസ്ഥാന പ്രസിഡന്റ് കെ.പി.ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഫയർഫോഴ്സ് മേധാവി എ.ഹേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.ഡയറക്ടർ ആർ.പ്രസാദ്, റീജിയണൽ ഫയർ ഓഫീസർ എം.നൗഷാദ്, അരുൺഭാസ്കർ, അസോസിയേഷൻ ജോയിന്റ് സെക്രട്ടറി കെ.വി.ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് കെ.വി.മനോഹരൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഹരികുമാർ സ്വാഗതവും ട്രഷറർ പി.എസ്.സാബുലാൽ നന്ദിയും പറഞ്ഞു.