sheela

തിരുവനന്തപുരം: കഴിഞ്ഞ 57 വർഷമായി മലയാള സിനിമയിൽ നിറചൈതന്യമായി ജ്വലിച്ചു നിൽക്കുന്ന നടി ഷീലയെ സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തു.

അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം ജൂലായ് 27ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ സമ്മാനിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ അറിയിച്ചു.
പ്രശസ്ത സംവിധായകൻ കെ.എസ്‌. സേതുമാധവൻ ചെയർമാനും നടൻ നെടുമുടി വേണു, തിരക്കഥാകൃത്ത്‌ ജോൺ പോൾ, ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.


1962ൽ എം.ജി.ആർ നായകനായ 'പാശം' എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഷീല അതേവർഷം പി. ഭാസ്‌കരൻ സംവിധാനം ചെയ്ത 'ഭാഗ്യജാതക'ത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ ആദ്യ പുരസ്‌കാരം നേടിയത് ഷീലയാണ്. 1969ൽ 'കള്ളിച്ചെല്ലമ്മ' എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാർഡ്. 1971ൽ ഒരു പെണ്ണിന്റെ കഥ, ശരശയ്യ, ഉമ്മാച്ചു എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും, 1976ൽ 'അനുഭവം' എന്ന ചിത്രത്തിലെ അഭിനയത്തിനും ഇതേ അംഗീകാരം ഷീലയെ തേടിയത്തെി.

2004ൽ 'അകലെ' എന്ന ചിത്രത്തിലെ മാർഗരറ്റ് എന്ന കഥാപാത്രത്തിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ്‌ നേടി. ഇതേ ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള ദേശീയ പുരസ്‌കാരവും ഷീല സ്വന്തമാക്കി. യക്ഷഗാനം, ശിഖരങ്ങൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.