തിരുവനന്തപുരം:ആശങ്കയുടെ മുൾമുനയിലാണെങ്കിലും, നിപ രോഗത്തെ നേരിടാൻ മുഖ്യമന്ത്രി മുതൽ ശുചീകരണ തൊഴിലാളികൾ വരെ ഒരു ടീമായി കൈകോർക്കുകയാണ് കേരളം. ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൊച്ചിയിൽ ക്യാമ്പ് ചെയ്ത് ഏകോപനം നടത്തുന്നു.
കഴിഞ്ഞവർഷം മേയിൽ കോഴിക്കോട്ട് 17ജീവനെടുത്ത നിപയുടെ പാഠങ്ങൾ നൽകിയ ജാഗ്രതയിലാണ് ആരോഗ്യമേഖല. അന്ന്12ദിവസത്തിനകം നിപ്പ നിയന്ത്രിച്ചെങ്കിൽ കൊച്ചിയിൽ രോഗം സംശയിച്ച ആദ്യദിവസം തന്നെ പ്രതിരോധകോട്ട തീർക്കാനാണ് ശ്രമിച്ചത്. ജനങ്ങളിൽ പരിഭ്രാന്തി പടർത്താതെ, പക്വമായ നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. നിപ സംശയമുണ്ടായി മണിക്കൂറുകൾക്കകം കൃത്യമായ പ്രതിരോധം നടപ്പാക്കി.
എറണാകുളം, തൃശൂർ, ഇടുക്കി, കൊല്ലം ജില്ലകളിൽ അതീവജാഗ്രതയും മറ്റു ജില്ലകളിൽ ജാഗ്രതയും പ്രഖ്യാപിച്ചു. രോഗിയുമായി സമ്പർക്കം പുലർത്തിയവർ ഉൾപ്പെടെ മുന്നൂറിലേറെപേരെ നിരീക്ഷണത്തിലാക്കി. ഇവർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ പെട്ടെന്ന് മരുന്ന് നൽകാനുള്ള സംവിധാനമൊരുക്കി. കൊച്ചി മെഡിക്കൽകോളേജിൽ അടിയന്തര സംവിധാനങ്ങളൊരുക്കി. രോഗമുണ്ടെന്ന് സംശയിച്ചവരെ ഐസോലേഷൻ വാർഡുകളിലാക്കി. കോഴിക്കോട്ട് നിപ ചികിത്സിച്ച പരിചയസമ്പന്നരായ ഡോക്ടർമാരെ കൊച്ചിയിലെത്തിച്ചു. 24മണിക്കൂർ കൊണ്ട് കൂടുതൽ പേരിലേക്ക് രോഗം പടരാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കി.
എല്ലാ ജില്ലകളിലും സർക്കാർ, സ്വകാര്യ ആശുപത്രികളിലും പ്രതിരോധം ശക്തമാക്കി. മെഡിക്കൽ കോളേജുകളിലെല്ലാം ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കി. സംശയകരമായ ലക്ഷണങ്ങളുള്ളവരെ ഉടൻ സർക്കാർ ആശുപത്രികളിലേക്ക് മാറ്റാൻ സ്വകാര്യ ആശുപത്രികളോട് നിർദ്ദേശിച്ചു. പരിശീലനം നേടിയ ഡോക്ടർമാരുടെ സംഘങ്ങൾ ജില്ലകളിൽ സജ്ജരാണ്. ജില്ലാ, താലൂക്കാശുപത്രികളിൽ പ്രത്യേക വാർഡുകൾ സജ്ജമാക്കി. പൊലീസ്, റവന്യൂ, അഗ്നിശമനസേന, ആരോഗ്യവകുപ്പ് ജീവനക്കാരുടെ ദ്രുതകർമ്മ സേനയുണ്ടാക്കി. സർക്കാർ ആശുപത്രികളിലെ അണുനിർണയ, അണുനാശക മാർഗങ്ങൾ കാര്യക്ഷമമാക്കി. രോഗിയെ പരിചരിക്കുന്നവർക്ക് പോളിത്തീൻ വസ്ത്രം, എൻ-95മാസ്ക്, കൈ-കാലുറകൾ, കണ്ണടകൾ എന്നിങ്ങനെ പ്രത്യേകവസ്ത്രം നിർബന്ധമാക്കി. പൂനെയിൽ നിന്ന് വിമാനമാർഗ്ഗം മരുന്നും ആറംഗ കേന്ദ്രസംഘത്തെയും കൊച്ചിയിലെത്തിച്ചു. ആസ്‌ട്രേലിയൻ മരുന്നുപയോഗിക്കാൻ ഐ.സി.എം.ആറിന്റെ അനുമതിനേടി.