dd

നെയ്യാ​റ്റിൻകര: ചെങ്കൽ കരുമ്പൽ പുത്തൻ വീട്ടിൽ സുരേഷ് കുമാർ (42) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ പൊലീസിനെ മാറ്റിനിറുത്തി മറ്റൊരു ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ഇക്കഴിഞ്ഞ മേയ് 11 ന് പുലർച്ചെയാണ് സുരേഷ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മൃതദേഹത്തിൽ ആഴത്തിൽ അടിയേറ്റ പാടുണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും തലയ്ക്ക് ആഴത്തിൽ മുറിവേറ്റതായി എഴുതിയിട്ടുണ്ട്. തലേദിവസം രാത്രി നാല് പേർ ചേർന്ന് ഇയാളെ കമ്പിപ്പാരയും കുറുവടിയും കൊണ്ട് മർദ്ദിച്ച ശേഷം മതിൽ ചാടി ഓടുന്നത് കണ്ടതായി ചില സമീപവാസികൾ പാറശാല പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. പൊലീസ് ഒരു ജനപ്രതിനിധിയടക്കം ചിലരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും വിട്ടയച്ച സാഹചര്യത്തിലാണ് അന്വേഷണം മറ്റൊരു ഏജൻസിക്ക് നൽകണമെന്ന ആവശ്യം ഉയർന്നത്.

അതേസമയം ഒരു പഞ്ചായത്ത് പ്രസിഡന്റ് വീട്ടിൽ അയാളില്ലാത്ത സമയത്ത് എത്തുന്നത് ചോദ്യം ചെയ്തതിനാണ് ചെങ്കൽ സുരേഷ് കുമാറിനെ ഗുണ്ടകൾ മർദ്ദിച്ചതെന്നും സുരേഷ് കുമാർ മരിക്കുന്നതിന് രണ്ട് നാൾ മുൻപ് ഈ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാറിന്റെ വീട്ടിലെത്തി ഇയാളെ അസഭ്യം പറഞ്ഞതായും സുരേഷ് കുമാർ പ്രസിഡന്റിനെ തല്ലിയതായും നാട്ടുകാർ പറയുന്നു. ഈ വൈരാഗ്യം തീർക്കാനാണ് സുരേഷ് കുമാറിനെ നാലംഗ സംഘം വീട്ടിലെത്തി ആക്രമിച്ചതത്രേ. പിറ്റേന്ന് പുലർച്ചെ സുരേഷ് കുമാറിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. സുരേഷിന് മർദ്ദനമേറ്റ അന്നുതന്നെ വീട്ടിലുള്ള മറ്റ് അംഗങ്ങളെ പൊലീസ് സഹായത്തോടെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചതും സംശയത്തിനിടയാക്കി.

പരാതിക്കാരന് പീഡനം

സുരേഷ് കുമാറിന്റെ മരണത്തെപ്പറ്രി പരാതിപ്പെട്ട ബേക്കറി ഉടമ വി.ആർ. അനിൽകുമാറിന്റെ കട പൊളിച്ചുമാറ്റാൻ പഞ്ചായത്ത് ഉദ്യോഗസ്ഥർ രംഗത്തെത്തി. പാറശാല വട്ടവിള സൗഭാഗ്യയിൽ അനിൽ കുമാറിനെതിരെയാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികാര നടപടി. പ്രവാസിയായ അനിൽകുമാറിന്റെ കുടുംബം വട്ടവിളയിൽ ബേക്കറി നടത്തിവരികയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കെത്തിയ പഞ്ചായത്ത് ഓവർസിയർ അടക്കമുള്ള ഉദ്യോഗസ്ഥർ വട്ടവിള ജംഗ്ഷനിൽ അനിലും കുടുംബവും നടത്തിവരുന്ന ബേക്കറി പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ബേക്കറിക്കുളളിൽ കയറി അളവെടുപ്പ് നടത്തുകയും ചെയ്തു.

. അനിൽകുമാറിന്റെ കട പൊളിച്ചുമാറ്റാനെത്തിയ ഉദ്യോഗസ്ഥർ അളവെടുക്കുന്നു