കിളിമാനൂർ: കിളിമാനൂരിൽ പനി പടരുന്നു. പ്രദേശത്തെ ആശുപത്രികളെല്ലാം പനിക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

നിപ്പയും ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ട്. അതു കൊണ്ട് തന്നെ പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ജനങ്ങൾ ആശുപത്രിയിൽ എത്താറുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കേശവപുരം സി.എച്ച്.സി.യിൽ നൂറോളം രോഗികളാണ് എത്താറുള്ളതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതു കൂടാതെ സ്വകാര്യ ആശുപത്രികളിലും നിരവധി പേർ ചികിത്സ തേടി എത്തുന്നുണ്ട്. മഴക്കാലമായതോടെ പ്രദേശത്തെ മാലിന്യങ്ങൾ അഴുകിയും മലിനജലത്തിൽ നിന്നും കൊതുക് പോലുള്ള അസുഖം പരത്തുന്ന ജീവികളിൽ നിന്നുമാണ് അസുഖങ്ങൾ ഏറെയും പടർന്നു പിടിക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്തുകൾ സമയബന്ധിതമായി പൂർത്തിയാക്കത്തതിനാൽ പ്രദേശത്തെ തോടുകളും റോഡുകളും ഓടകളും എല്ലാം മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഇതും പകർച്ചവ്യാധികൾക്ക് കാരണമാകുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉൾപ്പെടെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിനു ഡോക്ടർമാരെയും ജീവനക്കാരെയും നിയമിച്ച് എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടങ്കിലും ഒരു ഡോക്ടർ മാത്രമുള്ള പ്രൈമറി ഹെൽത്ത് സെന്ററുകളിൽ ഡോക്ടർമാർ പെട്ടന്ന് ലീവെടുക്കുന്നത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.