2

വിഴിഞ്ഞം: വിഴിഞ്ഞത്തെ വാർഫുകളെ സംരക്ഷിക്കാൻ പദ്ധതി തയ്യാറായി. ഇതിനായി 13.11 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതു സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാനായി ഹാർബർ വകുപ്പ് ഉദ്യോഗസ്ഥർ വിഴിഞ്ഞം സന്ദർശിച്ചു. വിഴിഞ്ഞത്തെ പുതിയ വാർഫിനു സമീപത്തെ ബ്രേക്ക് വാട്ടറിനു മുകളിലൂടെയുള്ള ശക്തമായ തിരയടിയിൽ പാർക്കിംഗ് യാർഡ് തകർന്നിരുന്നു. അടുത്തിടെയാണ് ഇത് പുതുക്കിപ്പണിതത്. ശക്തമായ തിരയിൽ ബ്രേക്ക് വാട്ടർ ബലപ്പെടുത്താൻ നിക്ഷേപിച്ചിരുന്ന ടെട്രാപോഡുകൾക്ക് സ്ഥാനചലനം സംഭവിച്ചിരുന്നു. ഇത് ബലപ്പെടുത്തുന്നതിനായി കൂടുതൽ കല്ലുകളും ടെട്രാപോഡുകളും നിക്ഷേപിക്കും. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ ശക്തമായ കടലാക്രമണത്തിൽ വിഴിഞ്ഞത്തെ പഴയ വാർഫിലെ ചുറ്റുമതിൽ തകർന്നിട്ടും പുനർനിർമ്മിക്കാത്തതിനെ കുറിച്ച് കേരളകൗമുദി ജനുവരി 22ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ സമർപ്പിച്ച പദ്ധതിക്ക് ഭരണാനുമതി ലഭിച്ചാൽ ഇക്കാര്യങ്ങൾക്കെല്ലാം പരിഹാരമാകുമെന്ന് അധികൃതർ പറഞ്ഞു. വിനോദ സഞ്ചാരികളുമായി കപ്പലുകൾ അടുക്കുന്നത് ഈ വാർഫിലാണ്. തീര സൗന്ദര്യം ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് വൃത്തിഹീനമായ അന്തരീക്ഷവും സുരക്ഷയില്ലായ്മയുമാണ്. മാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചരക്കുകൾ കയറ്റി അയയ്ക്കുന്നതും ഇവിടെ നിന്നാണ്. ഇവിടെ എമിഗ്രേഷൻ ഓഫീസ് പ്രവർത്തനം തുടങ്ങുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. 2017 മാർച്ചിൽ വാർഫിൽ സുരക്ഷയില്ലാത്തതിനാൽ ചരക്കുനീക്കം സ്തംഭിച്ചിരുന്നു. വാർഫിൽ സുരക്ഷ വർദ്ധിപ്പിക്കണമെന്നത് നാളുകളായുള്ള ആവശ്യമാണ്. ഇത്തരം പ്രശ്നങ്ങൾക്കെല്ലാം പദ്ധതി നടപ്പാക്കുന്നതിലൂടെ പരിഹാരമുണ്ടാകും.

വിഴിഞ്ഞത്തെ വാർഫുകളെ ബലപ്പെടുത്തുന്ന പദ്ധതി 7ന് ചേരുന്ന വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ സമർപ്പിക്കും. ഭരണസമിതിയുടെ അനുമതി ലഭിക്കുന്നതോടുകൂടി പണികൾ ആരംഭിക്കും.

- അധികൃതർ

പ്രധാന പരാതികൾ

കസ്റ്റംസ് ഓഫീസും തുറമുഖ വകുപ്പിന്റെ കീഴിലുള്ള പോർട്ട് ഓഫീസും സ്ഥിതി ചെയ്യുന്നതിന് പിറകുവശത്തുള്ള ഈ മതിൽ എട്ടുവർഷങ്ങൾക്ക് മുൻപ് ഐ.എസ്.പി.എസ് കോഡ് മുഖാന്തരം സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി നിർമ്മിച്ചതാണ്. എന്നാൽ ഇത് തകർന്നതോടെ ഇതുവഴി ആർക്കും കടന്നുകയറാമെന്ന അവസ്ഥയാണ്. പകൽ സമയത്തു പോലും ഇവിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. രണ്ട് വർഷം മുൻപ് പോർട്ട് ഉദ്യോഗസ്ഥരെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവം ഉണ്ടായിട്ടുണ്ട്. രാത്രിയിൽ വാഹനത്തിൽ പഴയ ഓടുകളും കെട്ടിടാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളും കൊണ്ടു തള്ളുന്നതായും പരാതിയുണ്ട്. കൂടാതെ വലിയകടപ്പുറത്തിനു സമീപത്തെ മതിലിന്റെ ഭാഗങ്ങളും തകർന്ന നിലയിലാണ്. ചുറ്റുമതിൽ നിർമ്മിച്ചിരുന്നെങ്കിലും ഗേറ്റ് പൂട്ടാറില്ലായിരുന്നു.

പദ്ധതി തയ്യാറാക്കിയത്----- 13.11 കോടി

ഫോട്ടോ: വിഴിഞ്ഞത്തെ പഴയ വാർഫിൽ തകർന്ന് കിടക്കുന്ന സുരക്ഷാ മതിൽ.

2. Impact 22 ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത (TY edition. Clips കിട്ടുമെങ്കിൽ വയ്ക്കുക )