തിരുവനന്തപുരം: വിവിധ വകുപ്പുകളിലായി കിഫ്‌ബി 1,423 കോടി രൂപയുടെ പദ്ധതികൾക്ക് കൂടി അംഗീകാരം നൽകി. കുടിവെള്ള പദ്ധതികൾ, ആശുപത്രി വികസനം, റോഡ്, റെയിൽവേ ഓവർബ്രിഡ്‌ജ്, സ്‌റ്രേഡിയം നിർമ്മാണം എന്നിവയ്ക്കാണ് കിഫ്‌ബി എക്‌സിക്യൂട്ടീവ് കമ്മിറ്രിയോഗവും കിഫ്‌ബി ഡയറക്‌ടർ ബോർഡും അംഗീകാരം നൽകിയതെന്ന് ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിലായിരുന്നു യോഗം.

816.91 കോടി രൂപയുടെ വിവിധ കുടിവെള്ള പദ്ധതികൾക്കാണ് അംഗീകാരം. കുട്ടനാട് കുടിവെള്ള പദ്ധതിക്ക് 289.54 കോടി രൂപയും തിരുവനന്തപുരം നെയ്യാർ ബദൽ സ്രോതസ് പദ്ധതിക്ക് 206.96 കോടി രൂപയും മലപ്പുറം കൊണ്ടോട്ടി മുനിസിപ്പാലിറ്രിയിലെ പദ്ധതിക്ക് 108.70 കോടി രൂപയും ആലപ്പുഴ നഗരസഭയിലെ ജലവിതരണ സംവിധാനത്തിന് 211.71 കോടി രൂപയും വിനിയോഗിക്കും. ആശുപത്രികളുടെ നവീകരണത്തിന് 270 കോടി രൂപയാണ് അനുവദിക്കുക. കൊട്ടാരക്കര താലൂക്ക് ആശുപത്രിക്ക് 67 കോടി രൂപയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് 64 കോടി രൂപയും മട്ടന്നൂർ സ്‌പെഷ്യാലിറ്രി ആശുപത്രിക്ക് 71 കോടി രൂപയും ലഭിക്കും.

മൂവാറ്റുപുഴയിൽ ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്‌റ്റേഡിയം, ഇടുക്കി നെടുങ്കണ്ടത്ത് കെ.പി. തോമസ് ഇൻഡോർ സ്‌റ്റേഡിയം, തിരൂർ മുനിസിപ്പൽ സ്‌റ്റേഡിയം,കോഴിക്കോട് ഫറോക്ക് ജി.ജി.വി.എച്ച്.എസ് ഇൻഡോർ സ്‌റ്റേഡിയം എന്നിവയാണ് അംഗീകാരം ലഭിച്ച പദ്ധതികളിലുള്ള സ്‌റ്രേഡിയങ്ങൾ. ആലപ്പുഴ നങ്ങ്യാർകുളങ്ങര, പാലക്കാട് വല്ലപ്പുഴ, തൃശൂർ നന്തിക്കര, കോട്ടയം കടുത്തുരുത്തി എന്നിവിടങ്ങളിൽ റെയിൽവേ ഓവർബ്രിഡ്ജുകൾ നിർമ്മിക്കാൻ 114 കോടി രൂപയുടെ പദ്ധതികൾക്കും അംഗീകാരം നൽകി.

കിഫ്‌ബി അനുമതി:

ഇതുവരെ ₹43,730 കോടി

പുതുതായി 1,423 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയതോടെ, ഇതുവരെ കിഫ്‌ബി അംഗീകാരം ലഭിച്ച പദ്ധതികൾ 552 ആയി. മൊത്തം 29,455.71 കോടി രൂപയുടെ നിക്ഷേപമാണ് ഇവയ്‌ക്കായി ഉണ്ടാകുക. ഇവയ്ക്ക് പുറമേ കണ്ണൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലായി വിവിധ വ്യവസായ പാർക്കുകൾക്ക് സ്ഥലം ഏറ്റെടുക്കാൻ 14,275.17 കോടി രൂപയും അംഗീകരിച്ചിട്ടുണ്ട്. ഇതെല്ലാം ചേർത്ത്, മൊത്തം 43,730.88 കോടി രൂപയുടെ പദ്ധതികളാണ് കിഫ്ബി അംഗീകരിച്ചിട്ടുള്ളത്.