തിരുവനന്തപുരം: സ്മാർട്‌സിറ്റി പദ്ധതി നടപ്പാക്കുന്ന മേഖലയിൽ വൈദ്യുതി ഉപയോഗം പത്തു ശതമാനം കുറയ്ക്കണമെന്ന നയത്തിന്റെ ഭാഗമായി തലസ്ഥാനത്ത് റൂഫ് ടോപ്പ് സോളാർ പദ്ധതി നടപ്പിലാക്കുന്നു. 670 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുന്ന പദ്ധതി തലസ്ഥാനത്ത് നടപ്പാക്കുന്ന ഏറ്റവും വലിയ സോളാർ പദ്ധതി കൂടിയാണ്. നിയമസഭ, വനിതാ കോളേജ്, അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ, കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി, സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്നീ സ്ഥാപനങ്ങളിലാണ് റൂഫ്‌ടോപ്പ് സോളാർ പദ്ധതി നടപ്പാക്കുന്നത്. ഇതിനുള്ള സാങ്കേതിക അനുമതി ലഭിച്ചു. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും.
ഇതിന്റെ ഭാഗമായി ആദ്യം മേയറുടെ നേതൃത്വത്തിൽ ഈ മേഖലയിലെ സർക്കാർ സ്ഥാപനങ്ങളുടെ യോഗം വിളിച്ചു. തുടർന്ന് പദ്ധതിക്ക് അനുമതി നൽകിയ അഞ്ച് സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു. കെ.ടി.ഡി.എഫ്.സിയും പദ്ധതിക്കായി സ്‌മാർട്ട് സിറ്റിയെ സമീപിച്ചിട്ടുണ്ട്. ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ് സംവിധാനത്തിൽ 15 വർഷത്തേക്ക് കരാർ നൽകാനാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചത്. എന്നാൽ, പിന്നീട് അഞ്ച് വർഷമായി കുറച്ചു. സ്‌മാർട്ട് സിറ്റിയുടെ സാങ്കേതിക അംഗീകാര കമ്മിറ്റി പദ്ധതി വിശദമായി പരിശോധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം അനുമതി നൽകിയത്. ടെൻഡർ നടപടികൾ പൂർത്തിയായാൽ അതിവേഗം നിർമാണ പ്രവർത്തനങ്ങൾ നടത്താനാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ തീരുമാനം.
ആകെ പദ്ധതിത്തുക -- 5.26 കോടി
ആദ്യഘട്ടത്തിൽ ചെലവഴിക്കുന്നത്.... 4.10 കോടി
വൈദ്യുതി ഉത്പാദന ലക്ഷ്യം (കിലോവാട്ടിൽ)
1. നിയമസഭ - 395
2. വിമെൻസ് കോളേജ് - 82,
3.അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ - 3.09
4.കേരള യൂണിവേഴ്‌സിറ്റി ലൈബ്രറി - 85.48
5.സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി - 36.65
വൈദ്യുതി ഉപഭോഗത്തിലെ മിച്ചം (ശതമാനത്തിൽ)
നിയമസഭ - 25
അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾ - 4
വനിതാ കോളേജ് - 57
യൂണിവേഴ്‌സിറ്റി ലൈബ്രറി - 39
സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി - 27