school

തിരുവനന്തപുരം : ചരിത്രം കുറിക്കുന്ന പുതുമകളുടെയും ഏറെ പ്രത്യാശകളുടെയും ഒപ്പം ആശങ്കകളുടെ കാർമേഘങ്ങളുമായി പുതിയ അദ്ധ്യയന വർഷത്തിന് തുടക്കമാവുന്നു. പുത്തനുടുപ്പുകളും പുസ്തകം നിറച്ച ബാഗുകളുമായി 43 ലക്ഷത്തിൽപ്പരം കുട്ടികളാണ് നാളെ സ്കൂളുകളിലേക്കെത്തുന്നത്. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികൾ ഒരേ ദിവസം അക്ഷര മുറ്രങ്ങളിൽ കാലൂന്നുന്നതും സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസം ഒരു കുടക്കീഴിലാവുന്നതുമാണ് പുതിയ സ്കൂൾ വർഷത്തിന് കൂടുതൽ പുതുമയും കൗതുകവും പകരുന്നത്.

ഒന്നാം ക്ലാസിൽ ഇക്കൊല്ലം മൂന്ന് ലക്ഷത്തോളം കുട്ടികൾ പ്രവേശനം നേടുമെന്നാണ് ഏകദേശ കണക്ക്. ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ കഴിഞ്ഞ വർഷം 33 ലക്ഷം കുട്ടികളാണ് ഉണ്ടായിരുന്നത്. ഇക്കൊല്ലം ഇതിൽ ചെറിയ വർദ്ധനയുണ്ടാവാം. ഇതിന് പുറമെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷങ്ങളിലെ എട്ട് ലക്ഷത്തോളം കുട്ടികളും പ്രീ പ്രൈമറി തലത്തിലെ 2 ലക്ഷത്തോളം കുട്ടികളും നാളെ സ്കൂളുകളിലെത്തും. ഇതാദ്യമായി സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ പാഠപുസ്തക വിതരണം പൂർത്തിയായി കഴിഞ്ഞു. ഹയർസെക്കൻഡറി പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാവും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വി.എച്ച്.എസ്.ഇ ഉൾപ്പെടെ എല്ലാ പൊതു പരീക്ഷകൾക്കും ഇനി ഒരു പരീക്ഷാബോർഡ് മാത്രമാകും ഉണ്ടാകുക. പൊതു വിദ്യാഭ്യാസ ഡയറക്ടറായിരിക്കും പരീക്ഷാ കമ്മിഷണർ. അതേ സമയം നാളെ സ്കൂളുകളിൽ ഒരുക്കുന്ന പ്രവേശനോത്സവങ്ങൾ ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ അദ്ധ്യാപക-അനദ്ധ്യാപക, വിദ്യാർത്ഥി സംഘടനകൾ. ഹൈസ്കൂൾ - ഹയർ സെക്കൻഡറി വിഭാഗങ്ങളുടെ ലയനത്തിന്റെ പേരിൽ സമരപാതയിലുള്ള അവർ നാളെ വൈകിട്ട് സ്കൂളുകളിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ് സംഘടിപ്പിക്കും. ലയനത്തിനെതിരായ ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി സ്റ്റേ ആവശ്യം അംഗീകരിച്ചിട്ടില്ല.