മലയിൻകീഴ്: പഞ്ചായത്ത് റോഡ്കൾ നിറയെ കുണ്ടും കുഴിയുമാണ്. ഇത് നവീകരിച്ച് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം മാത്രമാണ് പ്രദേശത്തെ ജനങ്ങൾക്കുള്ളത്. കാലങ്ങളായി യാതൊരു നവീകരണങ്ങളും ഇല്ലാതെ ഗ്രാമീണ റോഡുകൾ പലതും തകർന്നുകിടക്കുകയാണ്. വിളവൂർക്കൽ, മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ എന്നീ പഞ്ചായത്ത് റോഡുകളിൽ ഭൂരിപക്ഷവും ഇതേ അവസ്ഥയിലാണ്. വിളവൂർക്കൽ പഞ്ചായത്തിലെ പല റോഡുകളും ഇന്ന് കുഴികൾ മാത്രമാണ്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലെ പല റോഡുകളും മെറ്റലിളകി വൻ കുഴികൾ മാത്രമായി.ടാർ പൂർണമായും ഇളകി മാറിയതിനാൽ കാൽനട യാത്രപോലും ദുസഹമാണ്. മാറി മാറി വരുന്ന പഞ്ചായത്ത് ഭരണ സമിതികൾ റോഡ് നവൂകരണത്തിന് തുക വക കൊള്ളിക്കുമെങ്കിലും മുട്ടാപോക്ക് ന്യായം നിരത്തി നവീകരണ പ്രവർത്തനങ്ങൾ ഉപേക്ഷിക്കുന്നതാണ് റോഡുകളുടെ ഇപ്പോഴത്തെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ കരിവിലാഞ്ചി റോഡ്. മലയിൻകീഴ് തച്ചോട്ടുകാവ് വഴി വിളപ്പിൽശാലയിലും ശാസ്താംപാറ ടൂറിസ്റ്റ് കേന്ദ്രത്തിലും ഇതുവഴി എത്താനാകും. വിളപ്പിൽശാല കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും മലയിൻകീഴ് സർക്കാർ ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്ക് പോകുന്നവരും ഈ റോഡാണ് ആശ്രയം. ചൊവ്വള്ളൂർ-ഇടമല റോഡ്,വിളപ്പിൽശാല- മുളയറ എന്നീ വിളപ്പിനൽ പഞ്ചായത്ത് റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഗ്രാമ- ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകൾ വിനിയോഗിച്ച് പഞ്ചായത്ത് റോഡുകൾ നവീകരിയ്ക്കാനാകും. മനസ് ഉണ്ടെങ്കിൽ എം.പി.ഫണ്ടും എം.എൽ.എ.ഫണ്ടും വരെ വിനിയോഗിച്ച് പഞ്ചായത്ത് റോഡുകൾ നവീകരിക്കാവുന്നതേയുള്ളു.