തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ഇന്നലെ ഉച്ചയോടെ രക്ഷിതാക്കൾക്കൊപ്പമെത്തി ടി.സി വാങ്ങി.
ശിവഗിരി എസ്.എൻ കോളേജിലേക്ക് മാറണമെന്ന പെൺകുട്ടിയുടെ അപേക്ഷ അംഗീകരിച്ച് സർവകലാശാല പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. പുതിയ കോളേജിൽ മൂന്നാം സെമസ്റ്ററിലേക്കാണ് പ്രവേശനം. രണ്ടാം സെമസ്റ്റിൽ എഴുതാതെ മുടങ്ങിയ പരീക്ഷകൾ പുതിയ കോളേജിൽ എഴുതാം.
ആത്മഹത്യാ കുറിപ്പിൽ എഴുതിയതെല്ലാം സത്യമാണെന്ന് പെൺകുട്ടി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ല; പഠിക്കാനാണ് താത്പര്യം. യൂണിയൻ ഭാരവാഹികളുടെ സമ്മർദ്ദം തന്നെയാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചത്. പഠിക്കാനുള്ള അന്തരീക്ഷം ഇല്ലാത്തതിനാലാണ് ടി.സി വാങ്ങി പോകുന്നത്. തന്റെ അനുഭവം യൂണിവേഴ്സിറ്റി കോളേജിലെ സാഹചര്യം മാറാൻ ഇടയാക്കട്ടെ എന്നും പറഞ്ഞു. സംഭവത്തിനുശേഷം ആദ്യമായാണ് വിദ്യാർത്ഥിനി മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.
യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഏറെ വിവാദമായിരുന്നു. സംഘടനാ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ പഠിക്കാൻ കഴിയുന്നില്ലെന്നും എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹികളും കോളേജ് പ്രിൻസിപ്പലുമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും പെൺകുട്ടി കുറിപ്പിൽ ആരോപിച്ചിരുന്നു. പിന്നീട് ആർക്കെതിരെയും പരാതിയില്ലെന്ന് പൊലീസിന് മൊഴി നൽകിയതോടെ പൊലീസ് അന്വേഷണം അവസാനിപ്പിച്ചു. സ്വതന്ത്ര ജുഡിഷ്യൽ കമ്മിഷനെ അന്വേഷണത്തിന് നിയോഗിക്കുകയും ചെയ്തിരുന്നു.