photo

നെടുമങ്ങാട് : കരകുളം ഹരിത മാർക്കറ്റും തുമ്പൂർമൂഴി ജൈവമാലിന്യ സംസ്കരണ പ്ലാന്റും നാടിന് സമർപ്പിച്ചു. ഹരിത കേരള മിഷന്റെ പെരുമാറ്റ ചട്ടങ്ങൾ പാലിച്ച് ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിന്റെ സഹായത്തോടെ നവീകരിച്ച മാർക്കറ്റ് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജുവും തുമ്പൂർമൂഴി മാതൃകയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റ് സംസ്ഥാന ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ. സീമയും ഉദ്‌ഘാടനം ചെയ്തു. കരകുളം യുവശക്തി പുരുഷ സ്വയംസഹായ സംഘത്തിലെ അംഗങ്ങൾക്ക് മാലിന്യസംസ്കരണത്തിന് ശാസ്ത്രീയ പരിശീലനം നൽകി ചുമതല ഏൽപ്പിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. അനില അറിയിച്ചു. പച്ചക്കറി, മത്സ്യ മാംസാദികളുടെ വിപണനത്തിനും പൊതുജനങ്ങൾക്ക് ജൈവ മാലിന്യ സംസ്കരണത്തിനും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. മാലിന്യ സംസ്കരണ പ്ളാന്റിന്റെയും മാർക്കറ്റിന്റെയും ദൈനംദിന പ്രവർത്തനങ്ങൾ മുഴുവൻ സമയവും സി.സി.ടി.വി കാമറയുടെ നിരീക്ഷണത്തിലായിരിക്കും. പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ച ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ് പ്രതിനിധി എസ്. ഗോപിനാഥിനെ എം.എസ്. അനിലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉദ്‌ഘാടന സമ്മേളനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന ദൃശ്യങ്ങൾ പകർത്തി നൽകിയ സനീഷ് നായർക്ക് അയ്യായിരം രൂപ പാരിതോഷികം ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി സമ്മാനിച്ചു. എസ്. സുരേഷ്‌കുമാർ, ആർ. പ്രമോദ്‌കുമാർ, പി.എൻ. മധു,എം. പുഷ്പകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബശ്രീ, അംഗൻവാടി,ഹരിതകർമ്മസേന,ആരോഗ്യവകുപ്പ് ജീവനക്കാർ പങ്കെടുത്തു. വാർഡ് മെമ്പർ ജി.പി വീണാചന്ദ്രൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി കെ.ആർ. സുമേഷ് നന്ദിയും പറഞ്ഞു.