തിരുവനന്തപുരം: അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് എന്നിവയ്ക്ക് ഒരു തവണയെങ്കിലും പിഴയടയ്ക്കപ്പെട്ടവരെ സ്കൂൾ ബസ് ഡ്രൈവറായി നിയോഗിക്കരുതെന്ന് പൊലീസ്. അഞ്ചു വർഷം ഹെവി വാഹനങ്ങൾ ഓടിച്ചുള്ള പരിചയവും സാധുവായ ലൈസൻസും നിർബന്ധം. സീബ്രാലൈൻ മുറിച്ചു കടക്കുക, ലൈൻ തെറ്റി വാഹനമോടിക്കുക എന്നീ കുറ്റങ്ങൾക്ക് രണ്ടുവട്ടം പിഴയടച്ചവരെ ഡ്രൈവർമാരാക്കരുത്. സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മാർഗരേഖയിലാണ് ഈ നിർദ്ദേശങ്ങൾ.
ഡ്രൈവറുടെ കാഴ്ചശക്തി വർഷംതോറും പരിശോധന നടത്തണം. ബസ് ജീവനക്കാരുടെ പൊലീസ് വെരിഫിക്കേഷൻ നിർബന്ധമാണ്. സ്‌കൂൾ ബസിൽ ഒരു ടീച്ചറെങ്കിലും യാത്ര ചെയ്യണം. കുട്ടികളെ സ്റ്റോപ്പുകളിൽ ഏറ്റുവാങ്ങുന്നത് രക്ഷിതാക്കളാണെന്ന് ഉറപ്പാക്കണം. ബസിന് പരമാവധി വേഗം 40 കിലോമീറ്ററാണ്. ബസിൽ യാത്രചെയ്യുന്ന കുട്ടികളുടെ ഹാജർ രാവിലെയും വൈകിട്ടും രേഖപ്പെടുത്തണം. ബസിൽ ആദ്യം കയറുന്നതും അവസാനം ഇറങ്ങുന്നതും പെൺകുട്ടി ആകാത്ത തരത്തിൽ റൂട്ട് ക്രമീകരിക്കണം.
ക്രിമിനൽ കേസുകളിൽപെട്ടവരെ സ്കൂൾ ജീവനക്കാരാക്കരുത്. എല്ലാ ജീവനക്കാരും പ്രവൃത്തി സമയങ്ങളിൽ ഐഡന്റിറ്റി കാർഡ് ധരിക്കണം. ജീവനക്കാരുടെ ഫോട്ടോയും ഒപ്പും ഉൾപ്പെടുന്ന ബയോഡേറ്റ സ്‌കൂളിൽ സൂക്ഷിക്കണം.
പെൺകുട്ടികൾക്ക് പ്രത്യേകം ടോയ്‌ലറ്റ് സജ്ജമാക്കണം. സ്കൂളിലെ കാമറാ ദൃശ്യങ്ങൾ 45 ദിവസമെങ്കിലും സൂക്ഷിക്കണം. സ്‌കൂൾ കെട്ടിടത്തിന്റെ സുരക്ഷ സംബന്ധിച്ച് അഗ്നിശമന വകുപ്പിൽ നിന്ന് ആറ് മാസത്തിലൊരിക്കൽ സർട്ടിഫിക്കറ്റ് നേടണം.
ഹാജരില്ലെങ്കിൽ വീട്ടിലറിയിക്കണം
കുട്ടിക്ക് സ്കൂളിലെത്താനായില്ലെങ്കിൽ പ്രവർത്തനസമയം തുടങ്ങി 10 മിനിട്ടിനകം വിവരം മാതാപിതാക്കൾ സ്‌കൂൾ അധികൃതരെ അറിയിക്കണം. ആബ്‌സന്റ് ആകുന്ന കുട്ടികളുടെ ലിസ്റ്റ് 15 മിനിട്ടിനകം ടീച്ചർ സ്‌കൂൾ മേധാവിക്ക് കൈമാറണം. സ്‌കൂൾ മേധാവി മാതാപിതാക്കളെ വിവരമറിയിക്കണം.