anil-kumar

കല്ലമ്പലം: ആഴാംകോണം ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. കെ എസ് ആർ ടി സി ആറ്റിങ്ങൽ ഡിപ്പോയിലെ ചെക്കിംഗ് ഇ൯സ്പെക്ടർ നെടുമ്പറമ്പ് സാഫല്യയിൽ നീതിപാലന്റെയും സരസ്വതിയുടെയും മക൯ അനിൽകുമാർ (53) ആണ് മരിച്ചത്. മുത്താന കൊല്ലുവിള വീട്ടിൽ അഭിനവ് (8), തിരുവനന്തപുരം കവടിയാർ സ്വദേശി ജീവ൯ (44), കൊല്ലം മുഖത്തല ആലുംമൂട് വീട്ടിൽ മണികണ്ഠ൯ (35), കന്യാകുമാരി സ്വദേശി നടരാജ൯ (45) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 3.30 ന് ആയിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർ ഫാസ്റ്റും കൊല്ലത്തേയ്ക്കുള്ള ഫാസ്റ്റും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഫാസ്റ്റിന്റെ വലതുവശത്തെ ബോഡി ഇളകി മാറുകയും ഈ ഭാഗത്ത് സീറ്റിൽ ഇരുന്നവർക്ക് പരിക്കേൽക്കുകയുമായിരുന്നു. പരിക്കേറ്റവരെ നാട്ടുകാരും കല്ലമ്പലം പൊലീസും ചേർന്ന് സ്വകാര്യ ആശൂപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ രക്ഷിക്കാനായില്ല. ഫാസ്റ്റിൽ സഞ്ചരിക്കുകയായിരുന്ന അനിൽകുമാർ ഇതേ ബസിൽ ഡ്യൂട്ടിയിലായിരുന്നു. സൂപ്പർഫാസ്റ്റ് അമിത വേഗതയിലായിരുന്നു. കല്ലമ്പലത്ത് അപകടങ്ങൾ പെരുകുന്നതിനെക്കുറിച്ച് കേരള കൗമുദിയിൽ ജീവനെടുക്കുന്ന അലക്ഷ്യമായ ഡ്രൈവിംഗ് എന്ന തലക്കെട്ടിൽ വാർത്ത‍ നൽകിയിരുന്നതാണ് . അനിൽ കുമാറിന്റെ ഭാര്യ ബിനു. മക്കൾ: അബി,ആര്യ.