തിരുവനന്തപുരം:സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിനാൽ ജില്ലയിലും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ നിർദേശം നൽകി. ജില്ലയിലെ പ്രധാന ആശുപത്രികളിലെ സൂപ്രണ്ടുമാരുടേയും ആർ.എം.ഒമാരുടേയും യോഗം പ്രതിരോധ സംവിധാനങ്ങൾ വിലയിരുത്തി.
ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പനി ലക്ഷണങ്ങളുമായി വരുന്നവർക്കായി പ്രത്യേക ഒ.പി കൗണ്ടർ, പനി ക്ലിനിക്ക്, പനി വാർഡ് എന്നിവ തുടങ്ങാൻ മേധാവികൾക്ക് നിർദേശം നൽകി. എൻസെഫലൈറ്റിസ്, ശ്വാസംമുട്ടൽ, അതികഠിനമായ പനി എന്നിവയുമായി എത്തുന്ന രോഗികളെ നിരീക്ഷിക്കാനും പരിശോധനകൾ ഉറപ്പാക്കാനും സൂപ്രണ്ടുമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
ആശുപത്രികളിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും സുരക്ഷാ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ട്. തലവേദന, പനി, ചുമ, ശ്വാസംമുട്ട്, തലകറക്കം, പരസ്പര ബന്ധമില്ലാതെ സംസാരിക്കൽ, വയർവേദന, ഛർദ്ദിൽ തുടങ്ങിയവയാണ് നിപ ലക്ഷണങ്ങൾ. ലക്ഷണം കണ്ടാൽ ഉടൻ തൊട്ടടുത്ത ആശുപത്രിയിൽ ചികിത്സ തേടണം. പനിയും ചുമയുമുള്ളവർ മാസ്‌കോ തൂവാലയോ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം. മറ്റു രോഗികളുമായോ ആൾക്കാരുമായോ അടുത്തിടപഴകരുത്. രോഗിയുമായി അടുത്തിടപഴകുന്നവരും പരിചരിക്കുന്നവരും മാസ്‌ക്, ഗ്ലൗസ് എന്നിവ ഉപയോഗിക്കണം.