തിരുവനന്തപുരം: വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ മരണം ദുരൂഹമാക്കിയ പൊലീസിന്റെ ആറ് വീഴ്ചകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. 'കേരളകൗമുദി' ചൂണ്ടിക്കാട്ടിയ ആറു വീഴ്ചകളും അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി ഹരികൃഷ്‌ണൻ പറഞ്ഞു.
അപകടത്തിന്റെ ആദ്യത്തെ ദൃക്സാക്ഷിയെന്ന് അവകാശപ്പെട്ട വർക്കല സ്വദേശി നന്ദുവിന്റെ മൊഴി ഇന്നലെ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. ഇയാളുടെ മൊഴിയെടുക്കാൻ ആദ്യ അന്വേഷണസംഘം തയ്യാറായില്ലെന്നും ഇയാളെ പൊലീസ് ഓടിച്ചെന്നും കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
സഹോദരൻ പ്രണവുമൊത്ത് വർക്കലയിലേക്ക് കാറിൽ പോകുംവഴിയാണ് അപകടം കണ്ടതെന്നും ബാലുവിന്റെ മകൻ തേജസ്വിനിയെ ആശുപത്രിയിലെത്തിച്ചത് പ്രണവാണെന്നും ബാലഭാസ്കർ പിൻസീറ്റിലായിരുന്നെന്നുമാന്നാണ് നന്ദുവിന്റെ മൊഴി. തമ്പാനൂരിൽ സ്വകാര്യ എൻജിനിയറിംഗ് ഏജൻസിയിലെ ജീവനക്കാരനാണ് നന്ദു. അപകടമുണ്ടായതിന് പിന്നാലെ പുലർച്ചെ മൂന്നരയ്ക്ക് ബാലുവിന്റെ ഫോണിലേക്ക് ലത എന്ന സ്ത്രീ വിളിച്ചതിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലുവിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കും. ലതയുടെ മൊഴി ഉടൻ രേഖപ്പെടുത്തും.
കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയിലെ സി.സി ടിവി കാമറ പരിശോധിച്ചെങ്കിൽ ഡ്രൈവിംഗ് സീറ്റിൽ കയറിയ ആളെ കണ്ടെത്താമായിരുന്നെന്നും 'കേരളകൗമുദി' റിപ്പോർട്ട് ചെയ്തിരുന്നു. ഈ തെളിവ് കണ്ടെടുക്കാനാവുമോയെന്ന് ക്രൈംബ്രാഞ്ച് ശ്രമിക്കും.
ബാലുവിന്റെ ശരീരത്തിലേറ്റ മുറിവുകളും ക്ഷതങ്ങളും അപഗ്രഥിച്ച്, കാറിൽ എവിടെയാണുണ്ടായിരുന്നതെന്ന് കണ്ടെത്തും.
പാലക്കാട്ടെ ഡോക്ടർ ലതയുടെ മകന്റെ ആസ്ട്രേലിയയിലെ പഠനത്തിന് ബാലു പണം നൽകിയിരുന്നതായി ഭാര്യ ലക്ഷ്‌മി മൊഴിനൽകി. ഇതിന്റെ രേഖകൾ പരിശോധിക്കും. ലതയ്‌ക്ക് ബാലുവിന്റെ കുടുംബവുമായുണ്ടായിരുന്ന അടുത്തബന്ധം പരിശോധിക്കും. വീടും സ്വത്തുക്കളും ബാലുവിന്റെയും ലക്ഷ്‌മിയുടെയും പേരിലാണ്. പാലക്കാട്ടെ 40സെന്റ് സ്ഥലം ബാലുവിന്റെ പേരിലാണ്.
''ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും ക്രൈംബ്രാഞ്ച് തീർക്കും. കേരളകൗമുദി ചൂണ്ടിക്കാട്ടിയ 6വീഴ്ചകൾ പ്രത്യേകം അന്വേഷിക്കാൻ നിർദ്ദേശിച്ചു.''
ലോക്നാഥ് ബെഹറ
പൊലീസ് മേധാവി