nipah

തിരുവനന്തപുരം: എറണാകുളത്ത് നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതലെടുക്കാൻ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സംസ്ഥാനത്ത് വളർത്തു മൃഗങ്ങളിലോ പക്ഷികളിലോ രോഗം ഉണ്ടാകുകയോ അവയിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയോ ചെയ്തതായി റിപ്പോർട്ടില്ല. കർഷകർ പരിഭ്രാന്തരാകേണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു.
നിപ രോഗനിരീക്ഷണം ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകി. രോഗനിയന്ത്രണത്തിനുള്ള പി.പി.ഇ. കിറ്റ്, മാസ്‌ക്, അണുനാശിനികൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തും. എറണാകുളം, തൃശൂർ, ഇടുക്കി ജില്ലാ ഓഫീസർമാർ പ്രത്യേക ജാഗ്രത പുലർത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ഫാമുകളിൽ രോഗ നിരീക്ഷണം, അണുനശീകരണം എന്നിവ കൃത്യമായി നടത്തണം. രോഗം ബാധിച്ചതോ മരിച്ചതോ ആയ കന്നുകാലികൾ ചെക്‌പോസ്റ്റുകൾ വഴി സംസ്ഥാനത്തേക്ക് വരുന്നില്ല എന്ന് ഉറപ്പാക്കാനും നിർദ്ദേശിച്ചു. വവ്വാലുകൾ ഉപേക്ഷിച്ച പോലുള്ള കായ്‌കനികളും പഴങ്ങളും കന്നുകാലികൾക്ക് നൽകരുത്. വവ്വാലുകളും മറ്റു പക്ഷികളും ഫാമിൽ പ്രവേശിക്കുന്നത് തടയാൻ നെറ്റ് ഉപയോഗിക്കണം. മൃഗങ്ങളെ ഷെഡുകളിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് അണുനാശിനി കലർത്തിയ ഫൂട്ട് ഡിപ്പ് ക്രമീകരിക്കുന്നതിനുള്ള നിർദ്ദേശം നൽകി. പക്ഷി മൃഗാദികളിൽ രോഗലക്ഷണങ്ങൾ കണ്ടാൽ സംസ്ഥാന ലബോറട്ടറിയിലേക്കും ആവശ്യമെങ്കിൽ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലേക്കും സാമ്പിൾ അയക്കാൻ ഉദ്യോഗസ്ഥർ നടപടികളെടുക്കണം. വളർത്തു മൃഗങ്ങളെ കൈകാര്യം ചെയ്യുന്നവർ കർശനമായ ശുചിത്വം പാലിക്കണം. നിപയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഹെൽപ് ലൈൻ നമ്പറിൽ ( 04712732151 ) അറിയിക്കാം.