ration-card-

തിരുവനന്തപുരം: അർഹതയില്ലാത്ത 3,16,960 കുടുംബങ്ങൾക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്തിട്ടുള്ളതായി സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പ്രത്യേക പരിശോധനാ സംഘം കണ്ടെത്തി. ഇവരെ പട്ടികയിൽ നിന്നു ഒഴിവാക്കി അർഹതപ്പെട്ടവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വരികയാണ്.

തുടർപ്രക്രിയയായതിനാൽ ഫീൽഡ് തല പരിശോധനകൾ നടന്നുവരികയാണെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. മൂന്നു മാസമായി റേഷൻ വാങ്ങാത്തവരുടെയും ഒരംഗം മാത്രമുള്ള കാർഡുകളുടെയും പട്ടിക ഫീൽഡ് തല പരിശോധനകൾക്ക് നൽകുന്നുണ്ട്. ഈ പരിശോധനയിൽ അനർഹരാണെന്നു കണ്ടെത്തുന്നവർക്കു പകരം അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തുന്ന നടപടികൾ സ്വീകരിച്ചുവരികയാണ്.

അന്ത്യോദയ അന്നയോജന വിഭാഗത്തിൽ സൗജന്യമായി വിതരണം ചെയ്യുന്ന 35 കിലോ ഭക്ഷ്യധാന്യം മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിനൽകാൻ കഴിയില്ല. മുൻഗണനാ വിഭാഗത്തിന് അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യവും മറ്റു വിഭാഗങ്ങളിലേക്ക് മാറ്റാൻ കഴിയില്ലെന്നും മറിച്ചുളള ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. കേന്ദ്രം സംസ്ഥാനത്തിന് പ്രതിവർഷം 14.25 ലക്ഷം ടൺ ഭക്ഷ്യധാന്യമാണ് അനുവദിക്കുന്നത്. പോർട്ടബിലിറ്റി സൗകര്യം ലഭ്യമാക്കിയതോടെ മുൻഗണനാ വിഭാഗങ്ങൾക്കുള്ള റേഷൻ സാധനങ്ങളുടെ 95 ശതമാനത്തോളം വിനിയോഗിക്കുന്നുണ്ടെന്നും ഡയറക്ടർ അറിയിച്ചു.