balabhaskar-case

തിരുവനന്തപുരം: ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മിയുടെ മൊഴി ക്രൈംബ്രാഞ്ച് ഇന്നലെ രേഖപ്പെടുത്തി. അപകടസമയത്ത് കാറോടിച്ചത് ഡ്രൈവർ അർജ്ജുൻ തന്നെയാണെന്നും ബാലു പിൻസീറ്റിലായിരുന്നെന്നും ലക്ഷ്‌മി ആവർത്തിച്ചു. അപകടം നടന്നപ്പോൾ തന്നെ തനിക്ക് ബോധം നഷ്ടമായി. ദുരൂഹത നീക്കാൻ ഏതന്വേഷണവും നടക്കട്ടെയെന്ന് ലക്ഷ്മി വ്യക്തമാക്കി.

തിരുമലയിലെ വീട്ടിലെത്തിയാണ് ഡിവൈ.എസ്.പി ഹരികൃഷ്‌ണന്റെ സംഘം മൊഴിയെടുത്തത്.

അത്യാവശ്യം ധരിക്കുന്ന സ്വർണ്ണാഭരണങ്ങൾ മാത്രമേ കൈവശം ഉണ്ടായിരുന്നുള്ളൂ. പണമോ, ആഭരണങ്ങളോ നഷ്ടപ്പെട്ടിട്ടില്ല. ബാലഭാസ്‌കറിനോട് ആർക്കും വ്യക്തി വൈരാഗ്യമുള്ളതായി അറിവില്ല. ഡ്രൈവർ അർജ്ജുന്റെ അമ്മായി പാലക്കാട്ടെ ലതയുടെ കുടുംബവുമായി ബാലഭാസ്‌കറിന് അടുത്ത സൗഹൃദമുണ്ടായിരുന്നു. അവരുടെ ബിസിനസ് ആവശ്യത്തിന് പണം നൽകിയിരുന്നു. അക്കൗണ്ട് വഴിയാണ് പണം കൈമാറിയത്. അത് രണ്ടു തവണയായി തിരിച്ചു കിട്ടി. നാട്ടിൽ ബാലുവിന്റെ പ്രോഗ്രാമുകളുടെ ചുമതല പ്രകാശ് തമ്പിക്കും വിദേശത്തേത് വിഷ്‌ണുവിനും ആയിരുന്നു. ഇവരാരും ഗ്രൂപ്പിലെ ഔദ്യോഗിക ജീവനക്കാരായിരുന്നില്ല. ഇവരുമായി ബാലുവിന് മറ്റൊരു ബന്ധവുമില്ലായിരുന്നു. സ്വർണക്കടത്തുമായി ബാലുവിന് യാതൊരു ബന്ധവുമില് ല- ലക്ഷ്‌മി പറഞ്ഞു. പ്രകാശ് തമ്പിയുടെയും കലാഭവൻ സോബിയുടെയും മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് നടപടി തുടങ്ങിയിട്ടുണ്ട്. അപകടശേഷം അർജുൻ ഇതുവരെ വിളിച്ചിട്ടില്ലെന്നും ബാലുവാണ് കാറോടിച്ചതെന്ന് കള്ളമൊഴി പറയുന്നത് എന്തിനാണെന്ന് അന്വേഷിക്കണമെന്നും ലക്ഷ്‌മി ആവശ്യപ്പെട്ടു.