തിരുവനന്തപുരം : വില്പനയ്ക്കുള്ള പച്ചക്കറികൾ കേടുവന്ന് നശിക്കാതിരിക്കാൻ ഓരോ പഞ്ചായത്തിലും സഹകരണ ബാങ്കുകളുടെ ചുമതലയിൽ കോൾഡ് സ്റ്റോറേജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് മൂന്ന് വർഷം മുൻപുള്ളതിനേക്കാൾ കൂടുതൽ അളവിൽ പച്ചക്കറി ഉത്പാദനം ഇപ്പോൾ നടക്കുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്ന പച്ചക്കറിയിൽ വിഷാംശം കലർന്നിട്ടുണ്ടെന്ന തിരിച്ചറിവ് വീടുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് പ്രചോദനമായിട്ടുണ്ടെന്നും സ്‌കൂൾ വിദ്യാർത്ഥികളിലൂടെ പച്ചക്കറി കൃഷി വ്യാപകമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൃഷിമന്ത്രി വി.എസ് .സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

മന്ത്രി സി.രവീന്ദ്രനാഥ് ആശംസകളറിയിച്ചു.

പച്ചക്കറി തൈ വിതരണവും സംഘടിപ്പിച്ചു. സി.കെ.ഹരീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വഞ്ചിയൂർ പി.ബാബു,വാർഡ് കൗൺസിലർ, ഐഷ ബേക്കർ, അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദ്രകുമാർ സിംഗ്, സോയിൽ കൺസർവേഷൻ ഡയറക്ടർ ജസ്റ്റിൻ മോഹൻ, കൃഷി ഡയറക്ടർ ഡോ .പി.കെ.ജയശ്രീ, വി.എഫ്.സി.കെ സി.ഇ.ഒ സജി ജോൺ, അഡീഷണൽ ഡയറക്ടർ ബീന നടേശ് എന്നിവർ സംസാരിച്ചു.