തിരുവനന്തപുരം; പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ രണ്ടാം ഘട്ടത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. അഞ്ച് വർഷത്തെ തടവും 10 ലക്ഷം രൂപയിൽ കുറയാത്ത പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.

32 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ, ലാപ്‌ടോപ്പുകൾ, കമ്പ്യൂട്ടർ, കുട്ടികളുടെ വീഡിയോ, ചിത്രങ്ങൾ എന്നിവ പിടിച്ചെടുത്തു. ഏറെയും മലയാളി കുട്ടികളുടേതാണെന്ന് മനോജ് എബ്രഹാം അറിയിച്ചു.

കേരള പോലീസ് ഇന്റർപോളിന്റേയും, ഐ.സി.എം.ഇ.സി (ഇന്റർനാഷണൽ സെന്റർ ഫോർ മിസിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ)യുടേയും സഹകരണത്തോടെ വികസിപ്പിച്ച ആപ്ലിക്കേഷൻ വഴിയാണ് കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പിടികൂടാനുള്ള ഓപ്പറേഷൻ പി - ഹണ്ടിന് തുടക്കമിട്ടത്. കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 32 സംഭവങ്ങൾ കണ്ടെത്തിയിരുന്നു. അതിൽ പലതും വിദേശ രാജ്യങ്ങളിൽ നിന്നുള്ളതായതിനാൽ കൂടുതൽ അന്വഷണത്തിന് ഇന്റർപോളിന്റെ സഹായം തേടും.