പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച, ദിലീപിനെ നായകനാക്കി ഒരുക്കിയ ടൂ കൺട്രീസ് എന്ന സിനിമയ്ക്കു ശേഷം സൂപ്പർഹിറ്റ് സംവിധായക - തിരക്കഥാകൃത്തുക്കളായ ഷാഫിയും റാഫിയും ഒന്നിച്ച ചിൽഡ്രൻസ് പാർക്ക് എന്ന സിനിമ പൂർണമായും കോമഡിക്ക് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടാഗ്‌ലൈനായ ത്രീ ഇഡിയറ്റ്സ് സൂചിപ്പിക്കുന്നത് മൂന്ന് ശുദ്ധപൊട്ടന്മാർ ഒപ്പിക്കുന്ന ഏടാകൂടങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഇതോടൊപ്പം കുട്ടികളെ ഭിക്ഷാടന മാഫിയ ഉപയോഗിക്കുന്ന ഗൗരവമേറിയ വിഷയവും സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.
ചിൽഡ്രൻസ് പാർക്കിലെ കുട്ടിമയം
മൂന്നാറിലെ അടഞ്ഞുകിടന്ന ഒരു അനാഥാലയം ഏറ്റെടുത്ത് നടത്താൻ മൂന്ന് ചെറുപ്പക്കാർ എത്തുന്നു. എന്നാൽ അവരുടെ ഈ വരവിന് പിന്നിൽ ചില ഉദ്ദേശലക്ഷ്യങ്ങളുണ്ട്. അതെന്താണെന്ന് അനാവരണം ചെയ്യുകയാണ് സിനിമയിൽ. പതിഞ്ഞ വേഗത്തിൽ തുടങ്ങുന്ന സിനിമ പതിയെ താളം കൈവരിച്ച് യഥാർത്ഥ കഥാതന്തുവിലേക്ക് കടക്കുന്ന തരത്തിലാണ് സിനിമയുടെ സഞ്ചാരം. മലയാള സിനിമയിൽ മുമ്പ് പ്രേക്ഷകർ കണ്ടുമറന്ന പ്രമേയം ആണെങ്കിൽ കൂടി അതിനെ പുതുമയോടെ അവതരിപ്പിക്കാനുള്ള ശ്രമമാണ് സംവിധായകൻ നടത്തുന്നത്. കോമഡി കൂടി കലർത്തി അത് കുട്ടികൾക്കും മുതിർന്നവർക്കും ഒരപുപോലെ ആസ്വദിക്കാനാകുന്ന തരത്തിൽ കൂടി പാകപ്പെടുത്തിയെടുക്കുകയാണ് സംവിധായകൻ. ചിരിയുടെ പൂരത്തിനിടെ തന്നെ നാടകീയതയിലേക്ക് കൂടി വഴിമാറുന്നുണ്ട് സിനിമ. അതുപോലെ ഗൗരവ തരത്തിൽ സഞ്ചരിച്ചു കൊണ്ടിരിക്കെ പൊടുന്നനെ തമാശ രംഗങ്ങളിലേക്കും സിനിമ മാറുന്നുണ്ട്. ഇത്തരം രംഗങ്ങൾ നിരവധിയുണ്ട് സിനിമയിൽ.
രണ്ടാംപകുതിയിലാണ് യഥാർത്ഥ പ്രമേയത്തെ സംവിധായകൻ അനാവരണം ചെയ്യുന്നത്. ഭിക്ഷാടന മാഫിയ, കുട്ടികളുടെ അവയവങ്ങൾ കട്ടെടുത്ത് വിൽക്കുന്ന മാഫിയാലോകത്തിന്റെ ഉള്ളറക്കഥകളിലേക്ക് വെളിച്ചം വീശുന്നത് രണ്ടാമത്തെ പകുതിയിലാണ്. അതേസമയം ഷാഫിയുടെ മുൻസിനിമകളോട് ഇതിനെ താരതമ്യം ചെയ്യാൻ കഴിയില്ലെന്നത് വേറെ കാര്യം. ക്ളൈമാക്സ് രംഗത്ത് കുട്ടികളെ ഉൾപ്പെടുത്തിയുള്ള സംഘട്ടന രംഗങ്ങൾ മനു അങ്കിൾ എന്ന സിനിമയെ ഓർമ്മിപ്പിച്ചേക്കാം.
ത്രീ ഇഡിയറ്റ്സ്
വിഷ്‌ണു ഉണ്ണികൃഷ്ണൻ, ക്വീൻ എന്ന സിനിമയിലൂടെ ശ്രദ്ധേനായ ധ്രുവൻ, ഷറഫുദ്ദീൻ എന്നിവരാണ് സിനിമയിലെ ത്രീ ഇഡിയറ്റുകൾ. മൂന്നുപേരും ചേർന്നുള്ള കൂട്ടുകെട്ട് തിയേറ്ററിൽ ചിരിപ്പൂരം ആദ്യന്തം ചിരിപ്പൂരം തീർക്കുന്നുണ്ട്. ഇവർക്കൊപ്പം ഹരീഷ് കണാരൻ, നോബി എന്നിവർ കൂടി ചേരുന്നതോടെ പ്രേക്ഷകർക്ക് കുടുകുടെ ചിരിക്കാനുള്ള അവസരങ്ങൾ പിന്നെയും ധാരാളമായി കിട്ടുന്നുണ്ട്. ധ്രുവൻ താരതമ്യേന ഗൗരവമേറിയ ഋഷി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ വിഷ്ണുവും ഷറഫുദ്ദീനും മുഴുവൻ സമയ കോമഡിയിൽ നിറഞ്ഞാടുകയാണ്. എന്നാൽ ഋഷി എന്ന കഥാപാത്രമായി മാറുന്നതിൽ ദ്രുവൻ എത്ര കണ്ട് വിജയിച്ചുവെന്ന ചോദ്യം പ്രേക്ഷകരുടെ മനസിലുയർന്നേക്കാം.
മാനസ രാധാകൃഷ്ണൻ, ഗായത്രി സുരേഷ്, കിനാവള്ളി എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സൗമ്യ മേനോൻ എന്നിവരാണ് സിനിമയിലെ നായികമാർ. നായകന്മാരെ പിന്തുണയ്ക്കുകയെന്ന ജോലി മാത്രമെ മൂവർക്കും സിനിമയിലുള്ളു. ജോയ് മാത്യൂവിനെ കൂടാതെ നിരവധി കുട്ടിത്താരങ്ങളും സിനിമയുടെ ഭാഗമാണ്. സിനിമയിലെ ഗാനങ്ങൾ എല്ലാം മികച്ച അനുഭവമൊന്നും സമ്മാനിക്കുന്നില്ല. അനാവശ്യ രംഗങ്ങൾ പലതുമുണ്ട് സിനിമയിൽ. ഇതെല്ലാം തന്നെ സിനിമയുടെ ദൈർഘ്യമേറ്റുന്നുണ്ട്.
വാൽക്കഷണം: വെറും കുട്ടിക്കളിയല്ല
റേറ്റിംഗ്: 2.5