കഥ ഇതുവരെ :
വടക്കേ കോവിലകത്തെ പാഞ്ചാലി എന്ന അവസാന അവകാശിയെ രണ്ടാനമ്മ ചന്ദ്രകലയും കാമുകൻ പ്രജീഷും സ്ഥലം എം.എൽ.എ ശ്രീനിവാസ കിടാവും ചേർന്ന് ആഢ്യൻപാറയിൽവച്ച് തന്ത്രപൂർവ്വം കൊലപ്പെടുത്തുന്നു. ആ കുറ്റം തറവാട്ടിലെ ജോലിക്കാരിയായിരുന്ന സുധാമണിയുടെ ചെറുമകൻ വിവേകിൽ അടിച്ചേൽപ്പിക്കുന്നു. എന്നാൽ സത്യം തിരിച്ചറിഞ്ഞ സി.ഐ അലിയാരെ കിടാവിന്റെ ആളുകൾ വധിക്കുന്നു. അലിയാർക്ക് ഒപ്പം നിന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം... പുതിയതായി ചാർജ്ജെടുത്ത സി.ഐ ഋഷികേശ് വീണ്ടും കൊലപാതക കേസ് വിവേകിൽ കൊണ്ടെത്തിക്കുവാനുള്ള പ്രയത്നം തുടങ്ങി. ഋഷികേശ് പുതിയതായി കുറ്റപത്രം തയ്യാറാക്കി. വിവേകിനെ ദുർഗുണ പരിഹാര പാഠശാലയിലേക്കു മാറ്റുന്നു. എന്നാൽ സി.ഐ അലിയാർ മരിച്ചിരുന്നില്ല. അയാളിപ്പോൾ വാഴക്കൂട്ടം അപ്പുണ്ണി വൈദ്യരുടെ ചികിത്സയിലാണ്. രേവതി, വിവേകിനെ രക്ഷിക്കണമെന്നുള്ള അപേക്ഷയുമായി കരുളായിയിൽ പാഞ്ചാലിയുടെ ചെറിയച്ഛന്മാരുടെ അരുകിലെത്തുന്നു...
തുടർന്ന് വായിക്കുക
അനന്തഭദ്രനെത്തന്നെ നോക്കി നിൽക്കുകയായിരുന്നു രേവതി.
അയാളുടെ മുഖത്തുണ്ടായ ഭാവമാറ്റം എന്തിന്റേതാണെന്ന് രേവതിക്കു മനസ്സിലായില്ല.
''ങാ ശരി."
അത്രമാത്രം പറഞ്ഞിട്ട് അനന്തഭദ്രൻ കാൾ മുറിച്ചു. പിന്നെ ബലഭദ്രനു നേരെ കണ്ണയച്ചു.
അരുതാത്തത് എന്തോ സംഭവിച്ചുവെന്ന് ബലഭദ്രനും ഉറപ്പായി. പക്ഷേ രേവതി മുന്നിൽ നിൽക്കുന്നതിനാൽ ചോദിക്കാനുമായില്ല.
''ങാ പറയൂ. വേഗം വേണം. എനിക്കൽപ്പം തിരക്കുണ്ട് രേവതീ."
അതുവരെ ഇല്ലാതിരുന്ന ഒരു തിടുക്കം അനന്തഭദ്രന് ഉണ്ടായി.
രേവതി പറഞ്ഞു:
''ഞാൻ വന്നത് വിവേക് നിരപരാധിയാണ്, അവനെ തമ്പുരാൻ എങ്ങനെയെങ്കിലും രക്ഷിക്കണം എന്നു പറയാനാ...
പാഞ്ചാലിമോളെ ഒരിക്കലും എന്റെ മോൻ കൊല്ലത്തില്ല..."
രേവതിയുടെ ചുണ്ടുകൾ വിറച്ചു.
''എനിക്കറിയാം. അവനല്ല അത് ചെയ്തതെന്ന്. അക്കാര്യം ഞാൻ പോലീസിനോടു പറഞ്ഞിട്ടുമുണ്ട്. രക്ഷിക്കാനാവുമെങ്കിൽ അവനെ ഞങ്ങൾ രക്ഷിച്ചിരിക്കും. രേവതി പൊയ്‌ക്കോള്ളൂ."
''നന്ദിയൊണ്ട് തമ്പുരാനേ..."
രേവതി, അനന്തഭദ്രനെയും ബലഭദ്രനെയും തൊഴുതു.
പിന്നെ സാവധാനം തിരിഞ്ഞു നടന്നു. അവളുടെ കാലുകൾ ഇടറുന്നത് ഇരുവരും കണ്ടു.
''ഫോണിൽ ആരാ ചേട്ടാ വിളിച്ചത്? എന്താ പറഞ്ഞത്?" ബലഭദ്രൻ, അനന്ത ഭദ്രനെ നോക്കി.
''ജനറൽ ഹോസ്പിറ്റലിൽ നിന്ന് ഡോ. മുകുന്ദനാ. വിവേകിനെ വിഷം കഴിച്ച നിലയിൽ അവിടെ കൊണ്ടുചെന്നിരിക്കുന്നു."
''ങ്‌ഹേ? ബലഭദ്രൻ ഞെട്ടി.
''അതെങ്ങനെ സംഭവിക്കും?"
അനന്തഭദ്രൻ അമർത്തി മൂളി.
''വിഷം ഉള്ളിൽ ചെന്നുവെന്നല്ലേ ഡോക്ടർക്ക് അറിയൂ. അത് ആരെങ്കിലും അവനെക്കൊണ്ട് കുടിപ്പിച്ചതാണെങ്കിലോ... ബലമായിട്ട്?"
ബലഭദ്രനു കാര്യം മനസ്സിലായി.
''വിവേക് ജീവിച്ചിരുന്നാലല്ലേ താനല്ല പാഞ്ചാലിമോളെ അപായപ്പെടുത്തിയതെന്ന് കോടതിയിൽ പറയൂ. ശവശരീരം സംസാരിക്കില്ലല്ലോ.... അതിന്റെ മേൽ എന്തു കുറ്റവും ചാർത്താമല്ലോ..."
അനന്തഭദ്രൻ ദീർഘമായി നിശ്വസിച്ചു:
''ഹോസ്പിറ്റലിൽ കൊണ്ടുചെല്ലുമ്പോൾ വിവേകിന്റെ ശരീരത്തിൽ പ്രാണന്റെ അവസാനത്തെ കണികയും പറന്നുപോയിരുന്നു. രേവതിയോട് നമുക്കത് പറയാനാവില്ലല്ലോ..."
''അപ്പോൾ..." ബലഭദ്രൻ എഴുന്നേറ്റ് നീളൻ വരാന്തയിലൂടെ രണ്ടുമൂന്നു ചാൽ നടന്നു. ''ഇനി നമ്മൾ എന്തുചെയ്യണം?"
''വെറുതെ വിട്ടുകളയുവാൻ ആകുന്ന ഒരു കാര്യമല്ലല്ലോ ഇത്? പ്രജീഷും ചന്ദ്രകലയും ശ്രീനിവാസ കിടാവും കൂടി ഏട്ടന്റെ സമ്പത്ത് കടിച്ചുകീറി പങ്കുവച്ചു കൂടല്ലോ... ദുഷ്‌കരമായ കളികൾ തുടങ്ങാൻ സമയമായിരിക്കുന്നു."
പറഞ്ഞുകൊണ്ട് അനന്തഭദ്രൻ സെൽഫോൺ എടുത്ത് നിലമ്പൂരെ ലോക്കൽ ചാനലായ 'സഹ്യ'യിലേക്കു വിളിച്ചു. പിന്നെ മറ്റ് ചാനലുകളിലേക്കും...
തുടർന്ന് അയാൾ അനുജന്റെ നേരെ തിരിഞ്ഞു.
''ആ സി.ഐ ഋഷികേശൻ സംഗതി ഒതുക്കി തീർക്കും മുൻപ് നമ്മൾ രംഗത്തിറങ്ങുന്നു. എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകൾ രംഗത്തുവരണം. നീ വിളിക്കവരെ. ഞാനൊന്ന് വേഷം മാറട്ടെ..."
അനന്തഭദ്രൻ അകത്തേക്കു പോയി.
ബലഭദ്രൻ അപ്പോൾത്തന്നെ നിലമ്പൂരിലെ പ്രബലരായ മൂന്ന് വിദ്യാർത്ഥി സംഘടനക്കാരെയും വിളിച്ചു.
ഇടഞ്ഞുനിൽക്കുകയാണ് ശ്രീനിവാസ കിടാവിന്റെ യുവജന പാർട്ടിക്കാർ എന്ന് ബലഭദ്രന് അറിയാം. അമ്യൂസ്‌മെന്റ് പാർക്ക് വിവാദത്തിനു തീ കൊളുത്തിയതും സ്വന്തക്കാരെ സർക്കാർ സർവ്വീസിൽ തിരുകിക്കയറ്റിയതിനെതിരെ എം.എൽ.എയ്ക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുത്തതും അവരാണ്.
എല്ലാ കരുനീക്കങ്ങളും നടത്തിയതിനുശേഷം ബലഭദ്രനും വേഷം മാറി.
ജ്യേഷ്ഠനും അനുജനും കാറിൽ കയറി. നേരെ ഹോസ്പിറ്റലിലേക്ക്.
അവിടെയെത്തുമ്പോൾ ജനപ്രളയം... ചാനലുകാരുമുണ്ട്.
മൂന്ന് പാർട്ടികളുടെ കൊടികൾ ഉയർന്നുനിൽക്കുന്നു. പോലീസിനും ദുർഗുണ പരിഹാര പാഠശാലയ്ക്കുമെതിരെ മുദ്രാവാക്യങ്ങൾ...
സി.ഐ ഋഷികേശും സംഘവും ഹോസ്പിറ്റലിന്റെ പ്രധാന വാതിൽക്കൽ ഉണ്ടായിരുന്നു.
അകത്തേക്കു തള്ളിക്കയറാൻ ശ്രമിച്ച വിദ്യാർത്ഥി പ്രവർത്തകരെ തടയാനുള്ള ശ്രമത്തിലായിരുന്നു അവർ...
അതിനു കഴിഞ്ഞില്ല.... അവർ ആശുപത്രിക്കുള്ളിലേക്കു തള്ളിക്കയറി.
സി.ഐ, കൂടുതൽ പോലീസ് എത്തിച്ചേരുവാൻ മെസേജ് നൽകി.
അടുത്ത നിമിഷം രോഷാകുലരായ ചെറുപ്പക്കാർ പോലീസിന്റെ ബൊലേറോ തല്ലിത്തകർത്തു.
അതിന്റെ ചില്ല് ചിലന്തിവല പോലെയായി...
ടയറുകൾ കുത്തിക്കീറി.
പോലീസ് വണ്ടി താഴേക്കമർന്നു.
''എടാ..."
ഋഷികേശ് അലറിക്കൊണ്ട് പാഞ്ഞുവന്നു.
ആ ക്ഷണം എവിടെനിന്നോ ഒരു കല്ല് ചീറിവന്നു.
അയാളുടെ തൊപ്പി തെറിച്ചുപോയി...
നെറ്റിയിൽ ഒരു വലിയ ചുവന്ന പൊട്ട് രൂപം കൊണ്ടു.
പിന്നെ നീർച്ചാൽ പോലെ ചോര ചീറ്റിയൊഴുകി.
അവിടെ കൈ അമർത്തിക്കൊണ്ട് ഋഷികേശ് ചുറ്റും നോക്കി.
നീലച്ചായമടിച്ച പോലീസിന്റെ ഒരു ബസ് ഗേറ്റിൽ വന്നു നിൽക്കുന്നതു കണ്ടു. അതിൽ നിന്ന് കാക്കിധാരികൾ ലാത്തിയും ഷീൽഡുമായി ചാടിയിറങ്ങി.
''ചാർജ്ജ്..."
സി.ഐ അലറി.
(തുടരും)