3

വിഴിഞ്ഞം : 'അജ്ഞാത വസ്തുവുമായി' നടുക്കടലിൽ കറങ്ങിയ ക്ളിമൻസിനെ തീരസംരക്ഷണ സേന നാട്ടിലെത്തിച്ചെങ്കിലും 'സങ്കടക്കടലിൽ' കഴിയുകയാണിപ്പോഴും. തീരസംരക്ഷണ സേന പിടികൂടിയ കട്ടമരം ഇപ്പോഴും വിഴിഞ്ഞത്തെ പുതിയ വാർഫിൽ കിടക്കുകയാണ്. അത് പൂവാറിലെത്തിക്കാൻ സാമ്പത്തികമില്ല. തന്മൂലം മത്സ്യബന്ധനത്തിന് പോകാനാകാതെ ക്ളിമൻസും കുടുംബവും പട്ടിണിയിലാണ്.

പൂവാർ പാറവിള തോപ്പ് പുരയിടത്തിൽ ക്ലിമൻസിനെ (72) പ്രായാധിക്യം കാരണം മറ്റു തൊഴിലാളികൾ കടൽ പണിക്ക് കൂട്ടാറില്ല.

കുടുംബത്തിന്റെ വിശപ്പടക്കാൻ മാർഗമില്ലാത്തതിനാൽ ഒറ്റയ്ക്ക് കടലിൽ പോകാൻ ക്ളിമൻസ് തീരുമാനിച്ചു. അതിന് സ്വന്തമായി കട്ടമരം വേണം. പണം അവിടെയും വില്ലനായി. ഒടുവിൽ മാസങ്ങൾക്ക് മുമ്പ് പുത്തൻതോപ്പിൽ നിന്ന് കുറഞ്ഞവിലയ്ക്ക് കട്ടമരം കിട്ടി. പക്ഷേ,​ അത് റോഡ് മാർഗം പൂവാറിലെത്തിക്കാൻ പണമില്ലായിരുന്നു. ഒടുവിൽ പ്രായത്തിന്റെ അവശത മറന്ന് ക്ളിമൻസ് കടലിലിറങ്ങി.

കട്ടമരം തുഴഞ്ഞ് നാട്ടിലെത്തിക്കാൻ തീരുമാനിച്ചു.

ആഹാരം കഴിക്കാതെ ചുട്ടുപൊള്ളുന്ന വെയിലിൽ ഒറ്റയ്ക്ക് കടലിലൂടെ കട്ടമരം തുഴഞ്ഞ ക്ലിമൻസ് ഒടുവിൽ അവശനായി.

ഇതിനിടെ തുമ്പ ഭാഗത്ത് എത്തിയപ്പോൾ കാറ്റ് എതിർദിശയിൽ ആയതിനാൽ യാത്ര തടസപ്പെട്ടു.

തുടർന്ന് ചുവന്ന ലുങ്കി കെട്ടി കട്ടമരത്തെ പായ്‌ക്കപ്പലാക്കി.എന്നാൽ ഈ ചുവന്ന തുണി വി.എസ്.എസ്.സിയുടെ സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണ കാമറയിൽ 'അജ്ഞാത വസ്‌തുവായി'. മറ്റു വള്ളങ്ങൾ ഇല്ലാത്തപ്പോൾ ചുവന്ന നിറമുള്ള ഒരു അജ്ഞാത വസ്‌തുവിൽ ഒരാൾ ഇരിക്കുന്നതായി വി.എസ്.എസ്.സിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ തീരസംരക്ഷണ സേനയെ അറിയിച്ചു. തുടർന്ന് സേന ക്ലിമൻസിനെ പിടികൂടി കരയിലെത്തിച്ചു. പരിശോധനയ്ക്കൊടുവിൽ ക്ളിമൻസിനെ വിട്ടയച്ചുവെങ്കിലും കട്ടമരം നാട്ടിലെത്തിക്കാനായില്ല. വിവരം അറിഞ്ഞ ഒരാൾ കട്ടമരം വീട്ടിൽ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും നടപ്പായില്ല. ഈ മത്സ്യ ബന്ധന സീസണിൽ സ്വന്തമായി പണിയെടുത്ത് പട്ടിണി അകറ്റാമെന്ന മോഹം പാഴാകുമെന്ന സങ്കടത്തിലാണ് ക്ളിമൻസ്.