mini-skirt

മാേസ്കോ: എല്ലാ മാസവും ശമ്പളത്തിനുപുറമേ മോശമല്ലാത്ത തുക ബോണസായി ലഭിക്കും. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം-മുട്ടിനുമുകളിൽ നിൽക്കുന്ന കുട്ടിപ്പാവാട ധരിച്ച് ജോലിക്കെത്തണം. റഷ്യയിലെ പ്രമുഖ അലുമിനിയം നിർമ്മാണ കമ്പനിയാണ് വനിതാ ജീവനക്കാർക്ക് സ്പെഷ്യൽ ഓഫർ നൽകുന്നത്. കുട്ടിപ്പാവാട ധരിക്കുന്നതിനൊപ്പം നന്നായി മേക്കപ്പ് ചെയ്യാൻ മറക്കുകയും അരുത്. നിലവിൽ പാന്റുധരിച്ചാണ് വനിതാ ജീവനക്കാർ ജോലിക്കെത്തുന്നത്.

തൊഴിലിടത്തെ ബന്ധം മെച്ചപ്പെടുത്താണ് പുതിയ നിർദ്ദേശം മുന്നോട്ടുവച്ചതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. മുട്ടിനുമുകളിലേക്ക് കുറഞ്ഞത് അഞ്ച് സെന്റീമീറ്ററെങ്കിലും ഉയർന്നുനിൽക്കുന്നതാകണം പാവാട. ഇത്തരത്തിൽ വേഷം ധരിച്ചെത്തുന്നവർക്ക് ശമ്പളത്തോടൊപ്പം നൂറ് റൂബിൾ അധികം നൽകുമെന്നാണ് കമ്പനി പറയുന്നത്. ഫെമിനിറ്റി മാരത്തൺ എന്നാണ് സ്പെഷ്യൽ ഒാഫറിന്റെ പേര്.

കുട്ടിപ്പാവാട ധരിക്കുന്നതിനൊപ്പം നന്നായി മേക്കപ്പ് ചെയ്യുകയും അടിപൊളി ഹെയർസ്റ്റൈലുകൾ സ്വീകരിക്കുകയും വേണം. പറ്റുമെങ്കിൽ ഒാരോദിവസവും ഒാരോ സ്റ്റൈൽ പരീക്ഷിക്കുക. ബ്യൂട്ടിപാർലറിന്റെ സഹായം തേടുന്നതിലും കുഴപ്പമില്ല.എറ്റവും നന്നായി വേഷംധരിച്ചെത്തുന്നവർക്ക് ബോണസിനുപുറമേ സ്പെഷ്യൽ ബോണസും നൽകും.

ഇൗ മാസം തന്നെ ഒാഫർ നടപ്പാക്കിത്തുടങ്ങും എന്നാണ് കമ്പനി പറയുന്നത്. ഒരോദിവസവും ധരിക്കുന്ന വേഷത്തിന്റെ ചിത്രമെടുത്ത് ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റിൽ നൽകണം. ഇൗ ചിത്രങ്ങൾ വിശകലനം ചെയ്താണ് മിച്ചവേഷത്തിൽ എത്തുന്നവരെ കണ്ടുപിടിക്കുന്നത്.

കുട്ടിപ്പാവാടയും കിടിലൻ മേക്കപ്പുമായി ജോലിചെയ്യുന്നത് സ്ത്രീതൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ കൂടുതൽ മനോഹരമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

അതേസമയം കമ്പനിയുടെ ഓഫർ സ്ത്രീകളെ മൊത്തത്തിൽ അപമാനിക്കുകയാണെന്ന ആരോപണവുമായി സ്ത്രീ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ശക്തമായി പ്രതിഷേധിക്കാനാണ് അവരുടെ നീക്കം.