new-india

ന്യൂഡൽഹി: എഴുപത്തിയഞ്ച് നാഴികകല്ലുകൾ. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ 75 വർഷം പൂർത്തിയാകുന്നതിന് മുമ്പ് അത് പൂർത്തിയാക്കുക. ഇതിനാവും അടുത്ത 5 വർഷം മോദി സർക്കാർ ഏറ്റവും കൂടുതൽ ഊന്നൽ നൽകുക. 2022 ജൂണിൽ പൂർത്തിയാക്കും വിധം ഇതിനായി കർമ്മ പദ്ധതികൾക്ക് രൂപം നൽകി. ആയിരം ദിന ആക്‌ഷൻ പ്ളാനാണ് അതാതു വകുപ്പിലെ കേന്ദ്ര മന്ത്രിമാർ തയ്യാറാക്കിയത്. സമയബന്ധിതമായി പൂർത്തിയാക്കും വിധമാണ് പദ്ധതികൾ. ജനക്ഷേമത്തിനാണ് മുൻഗണന.പദ്ധതികളിൽ പ്രധാപ്പെട്ടത് ചുവടെ.

 എല്ലാ കുടുംബങ്ങൾക്കും വീട്

ഇതിന്റെ ഭാഗമായി എല്ലാ കുടുംബങ്ങൾക്കും വീട് എന്ന പദ്ധതി പൂർത്തിയാക്കും. ജൂൺ 2022 നകം 2 കോടി വീടുകൾ നിർമ്മിക്കും. മൂന്ന് ഘട്ടങ്ങളായാവും പദ്ധതി. 2020 ജൂണിൽ 70 ലക്ഷം വീടുകളും അടുത്ത വർഷവും 70 ലക്ഷം വീടുകളും 2022 ജൂണിൽ 60 ലക്ഷം വീടുകളുമാവും നിർമ്മിക്കുക. ഇതിന്റെ ഗുണം പ്രധാനമായും ലഭിക്കുക സ്വന്തമായി ഭൂമി ഇല്ലാത്ത 4.2 ലക്ഷം കുടുംബങ്ങൾക്കാണ്. വീട് പണിയാനായി സർക്കാർ ഭൂമി നൽകും. വീടിന്റെ രൂപകല്പന അതാത് പ്രദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാവും. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ പറ്റുന്ന സാങ്കേതികത ഉപയോഗിച്ചാവും വീടുകൾ പണിയുക.

 എല്ലാ ഗ്രാമത്തിലും റോഡ്

രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും 2022 ജൂണിനകം ഗതാഗതയോഗ്യമായ ആധുനിക റോഡുകൾ നിർമ്മിക്കും. കൂടാതെ ഹൈവേകളുടെ നിർമ്മാണം പരമാവധി പൂർത്തീകരിക്കും.

 ബാങ്കിംഗ് സൗകര്യം

പുതിയ സാങ്കേതികതയുടെ സൗകര്യത്തോടെ ഓരോ അഞ്ച് കിലോമീറ്ററിനുള്ളിലും ബാങ്കിംഗ് സൗകര്യം ഏർപ്പെടുത്തും. ഡിജിറ്റൽ ബാങ്കിംഗിനെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ക്ഷേമ പദ്ധതിയുടെ വിഹിതം ഈ മാർഗത്തിലൂടെയാവും ഉപഭോക്താക്കളിലെത്തുക. ഇടനിലക്കാർ പൂർണമായും ഒഴിവാകും. കുടുംബങ്ങളുടെ വരുമാനം നേരിട്ട് വർദ്ധിപ്പിക്കുന്നതിന് തൊഴിലുറപ്പ് പദ്ധതി പോലുള്ള ഗ്രാമീണ വികസന പദ്ധതികൾ തുടരും.

 1000 കർഷക സംഘങ്ങൾ

ഗ്രാമീണ കർഷകരുടെ ഉത്‌പന്നങ്ങൾക്ക് മികച്ച വിപണി പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ 1000 കർഷക സംഘങ്ങൾ രൂപീകരിക്കും. ചെറുകിട കർഷകർക്കും അറുപതു വയസ് പൂർത്തിയായ കർഷകർക്കും പെൻഷൻ നൽകുന്ന പദ്ധതിയും നടപ്പാക്കും.

അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതി വിപുലീകരിക്കും. ഇവർക്കുള്ള പെൻഷൻ ഫണ്ടിലെ കേന്ദ്രത്തിന്റെ തുക കൂട്ടും.

 സ്കിൽ വികസനം

വൈദഗ്ദ്ധ്യം ആവശ്യമുള്ള തൊഴിലുകൾ പരമാവധി പ്രോത്സാഹിപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങൾ ഉയർത്തുകയും ചെയ്യും. ഇതിനായി പരിശീലന കേന്ദ്രങ്ങൾ തുടങ്ങാൻ വിധവകളെയും ഭിന്നശേഷിക്കാരെയും കണ്ടെത്തും.

സാമ്പത്തിക വളർച്ചയ്ക്കായി എല്ലാ ഗ്രാമങ്ങളിലും സ്വയം സഹായ സംഘങ്ങളുടെ നാനോ എന്റർപ്രൈസസ് ഗ്രൂപ്പുകൾ രൂപീകരിക്കും. ടൂറിസം, ചെറുകിട വ്യവസായം, കരകൗശല രംഗം, നെയ്‌ത്ത്, വിദ്യാഭ്യാസം, കാർഷിക ഉത്‌പന്ന യൂണിറ്റുകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടായിരിക്കും ഈ സംഘങ്ങൾ പ്രവർത്തിക്കുക. ഇവർ സമർപ്പിക്കുന്ന പദ്ധതികൾക്ക് കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കും.

 2022-ൽ പുതിയ ഇന്ത്യ

2022-ൽ പുതിയ ഇന്ത്യ സമ്മാനിക്കുന്നതിനാണ് ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

തൊഴിൽ മേഖലയിൽ വനിതകളുടെ പ്രാതിനിദ്ധ്യം 30 ശതമാനമായി ഉയർത്തും.

ഇതുകൂടാതെ നിയമ, സിവിൽ സർവീസ്, പൊലീസ് വിഭാഗങ്ങളിൽ വലിയ മാറ്റങ്ങൾക്കിടയാക്കുന്ന പരിഷ്കാരങ്ങളും നിലവിൽ വരും.മന്ത്രിസഭയുടെ അവസാനത്തെ രണ്ടു വർഷത്തിൽ എല്ലാ മാറ്റങ്ങളും ജനങ്ങൾക്ക് നേരിട്ട് അനുഭവിക്കത്തക്കവണ്ണം യാഥാർത്ഥ്യമാക്കാനാണ് രണ്ടാം വരവിൽ മോദിയുടെ ലക്ഷ്യമിടുന്നത്.