വെഞ്ഞാറമൂട്: ആരോഗ്യ വകുപ്പ് അധികൃതരുടെയും പൊലീസ്, എക്സസൈസ് എന്നിവരുടെയും പരിശോധന മുടങ്ങിയതോടെ വെഞ്ഞാറമൂട്ടിലും പരിസരപ്രദേശങ്ങളിലും പുകയില ഉത്പന്നങ്ങൾ വീണ്ടും സുലഭമാകുന്നു. നിരോധിച്ച ശംഭു ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങളാണ് വിപണിയിൽ യഥേഷ്ടം ലഭ്യമാകുന്നത്. കന്യാകുളങ്ങര, വെമ്പായം, കൊഞ്ചിറ, തേക്കട തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂൾ പരിസരത്ത് കച്ചവടം നടക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു.
മേഖലയിൽ സ്കൂളുകൾക്ക് സമീപമുള്ള സ്ഥലങ്ങളിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. നിരോധിച്ച ശംഭു, ഹാൻസ്, ചൈനി ഘൈനി, ഗുട്ക തുടങ്ങിയ പുകയില ഉത്പന്നങ്ങളും മേഖലയിൽ സുലഭമാണ്. ലഹരി വസ്തുക്കളുടെ ഉപയോഗവും, വ്യാപാരവും തടയുന്ന കാര്യത്തിൽ പൊലീസിനും, എക്സസൈസിനും എന്നപോലെ ആരോഗ്യ പ്രവർത്തകർക്കും ഉത്തരവാദിത്വമുണ്ട്. പരിശോധനകൾ ഇല്ലാതായതോടെ ലഹരികച്ചവടക്കാർക്ക് ആരെയും പേടിക്കേണ്ടാത്ത അവസ്ഥയാണ് ഇപ്പോൾ. മാർത്താണ്ഡവും, തെങ്കാശിയും ഉൾപ്പെടെയുള്ള തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കുളത്തൂപ്പുഴ, നെയ്യാറ്റിൻകര തുടങ്ങിയ അതിർത്തി പ്രദേശങ്ങൾ വഴിയും മേഖലയിൽ പുകയില ഉത്പന്നങ്ങൾ എത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ തുച്ഛമായ വിലയ്ക്ക് കിട്ടുന്ന ഇത്തരം ഉത്പന്നങ്ങൾ അതിർത്തി കടന്ന് ഇവിടെയെത്തുമ്പോൾ ഇടനിലക്കാർക്ക് ലഭിക്കുന്നത് ആറോ ഏഴോ ഇരട്ടി ലാഭമാണ്.