ന്യൂയോർക്ക്: പുതിയ ആൽബത്തിന്റെ ഷൂട്ടിംഗിനായി ഒരു ദ്വീപ് മൊത്തത്തിൽ വാടകയ്ക്കെടുത്തു. ഏതെങ്കിലും വൻകിട മ്യൂസിക് കമ്പനികളാണ് ഇങ്ങനെചെയ്തതെന്ന് കരുതരുതേ.പ്രശസ്ത അമേരിക്കൻ ഗായികയായ റിഹാനയാണ് എസെക്സിലെ ഒസിയ ദ്വീപ് മൊത്തത്തിൽ വാടകയ്ക്കെടുത്തത്. പടുകൂറ്റൻ സ്റ്റുഡിയോ, ജിം, വിശാലമായ നീന്തൽക്കുളം, കോട്ടോജുകൾ എന്നിങ്ങനെ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ളതാണ് ഇൗ ദ്വീപ് . ചോദിച്ച തുക കൊടുത്താണ് ദ്വീപ് വാടകയ്ക്കെടുത്ത്. പക്ഷേ, തുക എത്രയാണെന്ന് പറയാൻ ഒരുക്കമല്ല. എത്രനാളത്തേക്കാണ് വാടകയ്ക്കെടുത്തതെന്നും വ്യക്തമല്ല.പ്രമുഖ സംഗീത സംവിധായകന്റെ ഉടമസ്ഥയിലുള്ളതാണ് ഇൗ ദ്വീപ്.
ഷൂട്ടിംഗ് കഴിഞ്ഞുള്ള സമയം വെറുതേയിരുന്ന് ബോറടിക്കുമെന്നതിനാൽ കുടുംബാംഗങ്ങളെയും അടുപ്പമുള്ള കൂട്ടുകാരെയും ദ്വീപിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പക്ഷേ, ആരെങ്കിലും ക്ഷണം സ്വീകരിച്ചോ എന്ന് വ്യക്തമല്ല.
കുറച്ചുനാളുകളായി റിഹാനയെക്കുറിച്ച് അധികമൊന്നും കേൾക്കാനുണ്ടായിരുന്നില്ല. താൻ ലണ്ടനിൽ ആരുമറിയാതെ ഒളിച്ചുതാമസിക്കുകയായിരുന്നു എന്നാണ് റിഹാന ഇതിനെക്കുറിച്ച് പറഞ്ഞത്.
ലോകത്തിലെ ഏറ്റവും സമ്പന്നയായ ഗായികയായി ഫോബ്സ് തിരഞ്ഞെടുത്ത വ്യക്തിയാണ് റിഹാന. 20 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള റിഹാന ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ചിട്ടുള്ള കലാകാരികളിൽ ഒരാളാണ്.ഗ്രാമി അടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും റിഹാനയെ ലോകത്തിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റികളുടെ പട്ടികയിലും ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട് . ഏകേദേശ കണക്കുപ്രകാരം 600 മില്യൺ അമേരിക്കൻ ഡോളറാണ് റിഹാനയുടെ ആസ്തി.