palarivattom-bridge

എറണാകുളത്ത് പാലാരിവട്ടം മേൽപ്പാലം സംസ്ഥാനം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും ഭീകരമായ മരാമത്ത് അഴിമതികളിലൊന്നായി മാറുകയാണ്. ഉദ്ഘാടനം നടന്ന് മൂന്നുവർഷം എത്തുംമുമ്പേ അമ്പേ തകരാറിലായ പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാനുള്ള പ്രവൃത്തികൾ നടന്നുവരികയാണിപ്പോൾ. എന്നാൽ അറ്റകുറ്റപ്പണികൾ കൊണ്ട് തീർക്കാവുന്നതിനപ്പുറം പാലം അതീവഗുരുതരമായ ബലക്ഷയം നേരിടുന്നുണ്ടെന്നാണ് വിദഗ്ദ്ധസംഘത്തിന്റെ കണ്ടെത്തൽ. ഡിസൈൻ ഘട്ടംമുതൽ ക്രമക്കേടുകളുടെയും അഴിമതിയുടെയും ഭൂതാവേശമേറ്റ മേൽപ്പാലം നന്നാക്കുന്നതിനെക്കാൾ ഭേദം പൊളിച്ചുപണിയുന്നതാണെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. അറ്റകുറ്റപ്പണികൾ ആദ്യഘട്ടം പൂർത്തിയാക്കി ഇൗമാസംതന്നെ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. മഴക്കാലം കഴിഞ്ഞ് രണ്ടാംഘട്ടം പണി നടത്തി പാലത്തെ പൂർണമായും സുരക്ഷിതമായ നിലയിലാക്കാനും ഉദ്ദേശിച്ചിരുന്നു. എന്നാൽ ഇപ്പോൾ നടക്കുന്ന അറ്റകുറ്റപ്പണി പുരോഗമിക്കുന്നതിനിടെയാണ് പാലത്തിന്റെ കൂടുതൽ ഗൗരവമായ തകരാറുകൾ പ്രത്യക്ഷമാകാൻ തുടങ്ങിയത്.

പാലത്തെ ഇൗ നിലയിൽ പണിതുയർത്തിയതിന് പിന്നിൽ നടന്നിട്ടുള്ള കൊടിയ അഴിമതി കണ്ടെത്തി അതിനുത്തരവാദികളായവരെ നിയമത്തിന് മുന്നിൽ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മരാമത്തുമന്ത്രി ജി. സുധാകരന്റെ കർക്കശ നിർദ്ദേശത്തെത്തുടർന്ന് വിജിലൻസ് വിഭാഗം പരിശോധനകൾ പൂർത്തിയാക്കി തൊടുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ ഫയൽ ചെയ്തുകഴിഞ്ഞു. പാലം പണിയുടെ കരാർ എടുത്ത ആർ.ഡി.എസിന്റെ പ്രോജക്ട് മാനേജിംഗ് ഡയറക്ടർ അടക്കം നാല് ഉന്നതന്മാരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണവുമായി നേരിട്ട് ബന്ധപ്പെട്ട മറ്റ് 16 പേരും സംശയ നിഴലിലാണ്. ഇവരുടെ പങ്കിനെക്കുറിച്ച് വിജിലൻസ് അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് കേസിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന.

തിരക്കേറിയ എറണാകുളം നഗരത്തിൽ കോടികൾ ചെലവഴിച്ച് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിർമ്മിച്ച പാലാരിവട്ടം മേൽപ്പാലത്തിന്റെ കോലം ഇവ്വിധത്തിലായത് കേവലം ഉദ്യോഗസ്ഥതലത്തിൽ മാത്രം നടന്ന അഴിമതിയുടെ ഫലമാണെന്ന് പറയാനാവില്ല. അഴിമതിയിലൂടെ സംഭരിച്ച ഭാരിച്ച കൈക്കൂലിയുടെ വിഹിതം എത്തേണ്ട ഇടങ്ങളിലെല്ലാം തീർച്ചയായും എത്തിയിരിക്കുമെന്നതിലും സംശയമില്ല. അതുകൊണ്ട് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ വ്യാപ്തിയും ആഴവും സമഗ്രമാവുകതന്നെ വേണം. ജനങ്ങൾ നൽകുന്ന നികുതിപ്പണംകൊണ്ട് നിർമ്മിക്കുന്ന പാലങ്ങൾക്കും പാതകൾക്കും അല്പായുസ് മാത്രമേ ഉള്ളൂവെങ്കിൽ അത്തരം നിർമ്മിതികൾക്ക് പിന്നിൽ പ്രവർത്തിച്ച സകല അഴിമതിപ്പരിഷകളെയും തുറങ്കിലടയ്ക്കാൻ പര്യാപ്തമായ അന്വേഷണം തന്നെ നടക്കണം. മേൽപ്പാലം ഗുരുതരമായ ബലക്ഷയം നേരിടുന്നതിനാൽ അത് പൊളിച്ചുനീക്കി പുതിയ പാലം നിർമ്മിക്കുന്നതാവും ജനങ്ങളുടെ സുരക്ഷിതത്വത്തിന് അനിവാര്യമെന്ന അഭിപ്രായം രേഖപ്പെടുത്തിയാണ് വിജിലൻസ് വകുപ്പ് കോടതിയിൽ പ്രഥമ വിവര റിപ്പോർട്ട് നൽകിയിരിക്കുന്നത്.

പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ പാടേ ടാറിംഗ് മൊത്തം ഇളകാൻ തുടങ്ങിയതും തൂണുകളിലും ഗർഡറുകളിലും അപകടകരമായ വിള്ളൽ രൂപപ്പെടുകയും ചെയ്തതിൽ നിന്നുതന്നെ നിർമ്മാണത്തിലെ ഗുരുതരമായ പിഴവുകൾ പുറത്തുവന്നതാണ്. തെറ്റായ രൂപകല്പനയും നിലവാരമില്ലാത്ത കോൺക്രീറ്റും ഗുണമേന്മയില്ലാത്ത കമ്പികളും മാത്രമല്ല , മേൽനോട്ടത്തിലെ അലംഭാവവും മൊത്തത്തിലുള്ള അഴിമതിയുമെല്ലാം മേൽപ്പാലത്തിന്റെ തകർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പരിശോധനകളിൽ തെളിയുന്നത്. നിർമ്മാണത്തിൽ പങ്കാളികളായ സകല ഏജൻസികളും തരാതരംപോലെ കൈയിട്ടുവാരിയതിന്റെ ഫലമായിട്ടാണ് ഉദ്ഘാടനം കഴിഞ്ഞ് മൂന്നാംവർഷം തന്നെ പൊളിച്ചുപണിയേണ്ട സ്ഥിതി വന്നുചേർന്നത്. സദാ വാഹനത്തിരക്കിലമർന്ന എറണാകുളം നഗരത്തിന് അനുഗ്രഹമാകേണ്ട ഒരു മേൽപ്പാലത്തിന് ഇത്തരത്തിലൊരു ദുർവ്വിധി ഉണ്ടായത് ലഘുവായി കാണാനാവില്ല.പൊതുമുതൽ കട്ടുതിന്ന് ശീലമാക്കിയ സാമൂഹ്യദ്രോഹികൾക്ക് എന്നും പേടിയോടെ മാത്രം ഒാർമ്മിക്കാനുതകുംവിധം കുറ്റവാളികൾ ശിക്ഷിക്കപ്പെടുമ്പോഴേ മരാമത്ത് വകുപ്പിലെ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന മന്ത്രി സുധാകരന്റെ ലക്ഷ്യം പൂർണമാവൂ എന്നുകൂടി ഒാർമ്മിപ്പിക്കട്ടെ.

മരാമത്ത് പണിയെന്നാൽ അഴിമതിയുടെ പറുദീസ എന്ന സങ്കല്പം പൊളിച്ചെഴുതുകതന്നെവേണം. റോഡായാലും പാലമായാലും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുവേണം നിർമ്മിക്കാൻ. പാലാരിവട്ടം മേൽപ്പാലത്തിന്റെ ഡിസൈൻ തന്നെ പാകപ്പിഴയുള്ളതായിരുന്നു എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അതിനർത്ഥം അത് പരിശോധിച്ച് അംഗീകാരം നൽകാൻ ചുമതലപ്പെട്ടവർ നിർമ്മാണച്ചെലവ് കുറച്ച് ലാഭവിഹിതം പങ്കിടാൻ ഒത്തുകളിച്ചെന്നാണ്. അതുപോലെ നിർമ്മാണത്തിലുടനീളം ക്രമക്കേടുകൾ നടന്നതിനും ഉത്തരവാദികൾ മേൽനോട്ടത്തിന് ചുമതലപ്പെട്ടവർ തന്നെയാണ്. ഇത്തരം ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാലും ഉത്തരവാദികൾ ശരിയാംവണ്ണം ശിക്ഷിക്കപ്പെടാത്തതാണ് ഇതുപോലുള്ള കുംഭകോണങ്ങൾ വർദ്ധിക്കാൻ കാരണം. ഏതാനും മാസം നീളുന്ന സസ്‌പെൻഷൻകൊണ്ടൊന്നും അഴിമതി വീരന്മാരെ തളയ്ക്കാനാകില്ല. പരോൾ പോലുമില്ലാത്ത ജയിൽ ശിക്ഷകൊണ്ടേ മരാമത്തുവകുപ്പിലെ അഴിമതിയും ക്രമക്കേടും നിയന്ത്രിക്കാനാവൂ.