തിരുവനന്തപുരം: അറിവിന്റെ വെളിച്ചം തേടി അക്ഷര മുറ്റത്തിലൂടെ അവർ കൈ കോർത്തു നടന്നു. ആ നടത്തം ആരവങ്ങൾ നിറഞ്ഞ സ്കൂളിന്റെ നടുത്തളത്തിലാണ് അവസാനിച്ചത്. പിന്നെ ചുറ്റും കൂടിയ പുതിയ കൂട്ടുകാർ അവർക്ക് കൂടപ്പിറപ്പുകളായി. അതോടെ ആരുമില്ലെന്ന സങ്കടം അവരിൽ നിന്നലിഞ്ഞു പോയി.
സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കീഴിലുള്ള ആറ് ദത്തെടുക്കൽ - ശിശുപരിചരണ കേന്ദ്രങ്ങളിലെ 70 കുരുന്നുകളാണ് ഇന്നലെ ഒന്നാം ക്ലാസിലെത്തിയത്. സമിതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും കുട്ടികൾ ഒരു അദ്ധ്യയന വർഷം സ്കൂളിലെത്തുന്നത്. യാതൊരു കുറവും ഇല്ലാതെയാണ് ഇവരെ അധികൃതർ സ്കൂളിലെത്തിച്ചത്. തിരുവനന്തപുരം - 18, കൊല്ലം- ആറ്, പത്തനംതിട്ട- 15, ആലപ്പുഴ - 15, എറണാകുളം - അഞ്ച്, മലപ്പുറം - 11 കേന്ദ്രങ്ങളിലെ കുട്ടികളാണ് വളർത്തമ്മമാരോടൊപ്പം സമീപത്തെ സ്കൂളുകളിലെത്തിയത്.
തിരുവനന്തപുരത്തെ ആസ്ഥാനത്ത് നിന്ന് സമീപത്തുള്ള തൈക്കാട് മോഡൽ സ്കൂളിലേക്ക് ജനറൽ സെക്രട്ടറി എസ്.പി. ദീപക്കും കുട്ടികൾക്കൊപ്പം പോയി. തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ നിന്ന് നഴ്സറിയിലേക്ക് അഭിജിത്ത്, മുഹമ്മദ് അസ്ലം, സാമുവേൽ, അക്ഷയൻ, ശക്തി, അദ്വൈത്, വിഘ്നേഷ്, സുജിത്ത്, ദിയ ഫാത്തിമ, നിള എന്നിവരും ഒന്നാം ക്ലാസിലേക്ക് മായയും അഖിലും രണ്ടിലേക്ക് ബിജു, മണിയമ്മ, അഭിനവ്, നാസിർ അലി, സമീർ എന്നിവരും ഇന്നലെ രാവിലെ 8.45ന് സ്കൂളിലേക്കിറങ്ങി. ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റികൾ വഴിയും മറ്റ് കേന്ദ്രങ്ങളിലൂടെയുമാണ് ഇവർ സമിതിയുടെ പരിചരണ കേന്ദ്രങ്ങളിലെത്തിയത്.