തിരുവനന്തപുരം: കോടികളുടെ സ്വർണക്കടത്തിന് വിമാനത്താവളത്തിൽ സുരക്ഷിതപാത ഒരുക്കിയ കസ്റ്റംസ് എയർ ഇന്റലിജൻസ് സൂപ്രണ്ട് ബി. രാധാകൃഷ്ണനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. കൊച്ചിയിലെ സി.ബി.ഐ ആന്റി കറപ്ഷൻ ബ്യൂറോ സൂപ്രണ്ട് പി. ബാലചന്ദ്രനാണ് എഫ്.ഐ.ആർ സമർപ്പിച്ചത്.
ഏപ്രിൽ 27 മുതൽ മേയ് 13 വരെയുള്ള കാലയളവിൽ പ്രതികളെല്ലാം ചേർന്ന് ക്രിമിനൽ ഗൂഢാലോചന നടത്തിയാണ് കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയത്. മേയ് 13ന് സെറീനയും സുനിൽകുമാറും ചേർന്ന് 8.17 കോടിയുടെ 25 കിലോഗ്രാം സ്വർണം കടത്തി. രാധാകൃഷ്ണന്റെ ഒത്താശയോടെയായിരുന്നു കസ്റ്റംസ് ഡ്യൂട്ടിയടയ്ക്കാതെയുള്ള സ്വർണക്കടത്തെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
തിരുമല സ്വദേശി സുനിൽകുമാർ, ആലുവയിലെ സെറീന ഷാജി, തിരുമല ശ്രീമന്ത്ര ഗാർഡൻസിൽ വിഷ്ണു സോമസുന്ദരൻ, കഴക്കൂട്ടം സ്വദേശി ബിജു മോഹനൻ, ഭാര്യ വിനീതാ രത്നകുമാരി, കിഴക്കേകോട്ടയിലെ പി.പി.എം ജുവലറി ഉടമ മലപ്പുറം പി.പി. അബ്ദുൾ ഹക്കിം, അക്കൗണ്ടന്റ് പി.കെ. റാഷിദ്, പാങ്ങോട് സ്വദേശി പ്രകാശൻ തമ്പി എന്നിവരാണ് രണ്ടുമുതൽ ഒമ്പതുവരെ പ്രതികൾ. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, പൊതുസേവകരുടെ ക്രിമിനൽ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തി.
വിമാനം ലാൻഡ് ചെയ്തശേഷം സെറീനയാണ് സ്വർണം ഏല്പിച്ചതെന്ന് സുനിൽകുമാർ ഡി.ആർ.ഐയ്ക്ക് മൊഴിനൽകിയിട്ടുണ്ട്. ദുബായിലെ ജിത്തു കൊടുത്തയച്ച സ്വർണം മുൻപ് നിരവധി തവണ കടത്തിയിട്ടുണ്ടെന്നാണ് സെറീനയുടെ മൊഴി. ദുബായിൽ നിന്ന് പലവട്ടം സ്വർണം കൊണ്ടുവന്നുവെന്നും, അപ്പോഴെല്ലാം കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ വിമാനത്താവളത്തിലെ കസ്റ്റംസ് അറൈവൽ ഹാളിലെ എക്സ്റേ പോയിന്റിലെത്തി മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയില്ലാതെ പുറത്തുവരാൻ സഹായിച്ചെന്നും സെറീനയുടെ മൊഴിയിലുണ്ട്. കസ്റ്റംസ് അധികൃതരുടെ പിടിയിൽപ്പെടാതെ സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഈ ഉദ്യോഗസ്ഥൻ സുരക്ഷിതപാതയൊരുക്കിയെന്ന് ബിജു മോഹനന്റെ ഭാര്യ വിനീതയും മൊഴി നൽകിയിട്ടുണ്ട്. വിമാനത്താവളത്തിൽ നിയോഗിക്കപ്പെട്ട കസ്റ്റംസ് ഡി-ബാച്ചിലെ മറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ മൊഴിയും ഡി.ആർ.ഐ രേഖപ്പെടുത്തി. കസ്റ്റംസിന് വൻനികുതി നഷ്ടമുണ്ടാവുകയും പ്രതികളെല്ലാം അവിഹിത സമ്പാദ്യമുണ്ടാക്കുകയും ചെയ്തെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
ലഗേജ് എക്സ്റേ ഡ്യൂട്ടി
ദുബായിൽ നിന്നും മസ്കറ്റിൽ നിന്നുമുള്ള വിമാനങ്ങളിൽ സ്വർണക്കടത്തിന് പിടിയിലായവർ എത്തുന്ന ദിവസങ്ങളിൽ സൂപ്രണ്ട് രാധാകൃഷ്ണൻ ലഗേജ് എക്സ്റേ ഡ്യൂട്ടി ചെയ്യാൻ പ്രത്യേക താത്പര്യം കാട്ടിയിരുന്നതായാണ് സഹപ്രവർത്തകരുടെ മൊഴി. വിമാനത്താവളത്തിലെ സി.സി ടിവി ദൃശ്യങ്ങൾ ഇക്കാര്യം സാധൂകരിക്കുന്നു. ദുബായിൽ നിന്ന് സ്വർണം കടത്തുന്നതിലും വിമാനത്താവളത്തിന് പുറത്തെത്തിക്കുന്നതിലും ജുവലറിക്ക് എത്തിച്ചുനൽകുന്നതിലും വിഷ്ണു സോമസുന്ദരം, ബിജുമോഹനൻ, വിനീത, അബ്ദുൾഹക്കിം, പി.കെ. റഷീദ്, പ്രകാശൻ തമ്പി എന്നിവർക്ക് നിർണായക പങ്കുണ്ട്. ഇതിനായി ഇവരെല്ലാം ചേർന്ന് ഗൂഢാലോചന നടത്തി.