കാട്ടാക്കട: വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഗ്രാമീണ മേഖലയെ വർണാഭമാക്കി നടന്ന സ്കൂൾ പ്രവേശനോത്സവ ചടങ്ങുകൾ നവാഗത വിദ്യാർത്ഥികൾക്ക് കൗതുകമായി. പതിവിന് വിപരീതമായി ഇക്കുറി മഴ കുട്ടികളെ നനയിക്കാനെത്താത്തതിനാൽ മിക്ക സ്കൂളുകളിലും നവാഗതരെ സ്വീകരിച്ചുകൊണ്ട് ടൗൺ ചുറ്റി ഘോഷയാത്രകൾ നടന്നു. മധുര പലഹാര വിതരണവും പുത്തൻവസ്ത്ര വിതരണവും, പഠനോപകരണ വിതരണവും നടത്തിയത് കുട്ടികളിൽ ആവേശമുണർത്തി.
കാട്ടാക്കട കുളത്തുമ്മൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം വെള്ളനാട് ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർമാൻ ജി.സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്.പ്രീത മുഖ്യസന്ദേശം നൽകി. വാർഡ് മെമ്പർ സി.എസ്.അനിത, വൈസ് പ്രിൻസിപ്പൽ കെ.എസ്.മിനി, പി.ടി.എ അംഗങ്ങളായ നജുമുദീൻ, സേവ്യർ, സ്വപ്ന, അദ്ധ്യാപകരായ ആൽബിൻ, ശശികുമാർ, നീന, പ്രമീള തുടങ്ങിയവർ സംസാരിച്ചു. കൗമാരക്കാരിലെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ അമ്പലത്തിൻകാല ഹോമിയോ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഡോ.നിത്യ രക്ഷിതാക്കൾക്കായി ബോധവത്ക്കരണ ക്ലാസ് നയിച്ചു. മാറനല്ലൂർ ഹോമിയോ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പകർച്ച പനിക്കെതിരെ മെഡിക്കൽ ക്യാമ്പ് നടത്തി. ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ ദത്തുഗ്രാമമായ കാട്ടാക്കട പഞ്ചായത്തിലെ പൊന്നറ വാർഡിൽ പ്രതിരോധ മരുന്ന് വിതരണവും നടത്തി.
ആര്യനാട് ഗവ. എൽ.പി.എസിൽ നടന്ന പ്രവേശനോത്സവം കരകൗശല വികസന കോർപറേഷൻ ചെയർമാൻ കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ.എസ്.സുഗതൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം വി.വിജുമോഹൻ, വാർഡ് മെമ്പർ എം.എൽ.കിഷോർ, സുബി, ബിനുകുമാർ, ചന്ദ്രകുമാർ, രമാദേവി, പ്രമദ, പ്രഭ, ജീൻ തുടങ്ങിയവർ സംസാരിച്ചു.
കാട്ടാക്കട പി.ആർ.വില്യം ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജിത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കാട്ടാക്കട മാഹീൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്രി ചെയർപേഴ്സൺ വി.ജെ.സുനിത, പ്രിൻസിപ്പൽ ഗിൽഡ, വൈസ് പ്രിൻസിപ്പൽ ശ്രീകലഎന്നിവർ സംസാരിച്ചു. കുട്ടമല മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രവേശനോത്സവം വിവിധ കലാപരിപാടികളോടെ നടന്നു. ഫാ.ജസ്റ്രിൻ നീലറത്തല, ഫാ.എബ്രഹാം മരുപ്പേൽ, ഫാ.ജോസ് എന്നിവർ നേതൃത്വം നൽകി.
ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തുതല പ്രവേശനോത്സവം പ്രസിഡന്റ് അഡ്വ. എ.റഹിം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബി.ബി.സുജാത പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ജയകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ മനിലാ ശിവൻ, ഷൈജമുരുകേശൻ, ക്ലസ്റ്റർ കോ-ഓർഡിനേറ്റർ രാജി, സ്കൂൾ വികസന സമിതി ചെയർമാൻ വി.ശശിധരൻ, ബിന്ദു, സിമ്മി രാജ് തുടങ്ങിയവർ പങ്കെടുത്തു.