md-clg-entrance-1

തിരുവനന്തപുരം:കൊച്ചിയിൽ പരീക്ഷയ്‌ക്ക് പോയി വന്ന തിരുവനന്തപുരം സ്വദേശികളായ രണ്ട് പേരെ നിപ സംശയത്തെത്തുടർന്ന് ഇവിടെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. വിട്ടുമാറാത്ത പനിയെത്തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിച്ചത്. ആശങ്ക വേണ്ടെന്നും പനിക്ക് ശമനമുണ്ടെന്നും നേരിയ സംശയം മൂലം നീരീക്ഷണത്തിനായി പ്രത്യേക വാർഡിലേക്ക് മാറ്റിയതാണെന്നും ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ് പറഞ്ഞു.ഇവരുടെ സ്രവ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. അവിടത്തെ റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ ചികിത്സയിലേക്ക് കടക്കൂ എന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചതിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രത്യേക വാർഡ് സജീകരിച്ചിരുന്നു.

അത്യാഹിതം ഉൾപ്പെടെയുള്ള ചികിത്സാ വിഭാഗങ്ങളിൽ നിപ രോഗനിർണയം, ചികിത്സ, പകർച്ചാ പ്രതിരോധം എന്നിവയിൽ വിദഗ്ദ്ധ പരിശീലനം നൽകി. ഡോക്ടർമാർക്കും ഹൗസ് സർജന്മാർക്കും പി. ജി വിദ്യാർത്ഥികൾക്കും നഴ്‌സുമാർക്കും പകർച്ചവ്യാധി നിയന്ത്രണത്തിലും പ്രതിരോധ സാമഗ്രികൾ ധരിക്കുന്നതിലും അവ അഴിച്ചുമാറ്റുന്നതിലും പരിശീലനം നൽകി. നിപ നിയന്ത്രണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ക്ലാസും നടന്നു. മൈക്രോബയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സാമ്പിൾ കളക്‌ഷൻ ചെയ്യുന്നതിനും അത് ഡിസ്ട്രിക് സർവെയ്‌ലൻസ് ഓഫീസർക്ക് അയയ്‌ക്കേണ്ട ട്രിപ്പിൾ ലെയർ പായ്‌ക്കിംഗും പരീശീലിപ്പിച്ചു. മെഡിക്കൽ കേളേജ് ആശുപത്രിയിലും എസ്. എ. ടിയിലും വെവ്വേറെയാണ് പരിശീലനം നൽകിയത്. ഐസൊലേഷൻ വാർഡ്, ഐസൊലേഷൻ ഐ സി യു, ഐസൊലേഷൻ റൂം എന്നിവയും സജീകരിച്ചിട്ടുണ്ട്.