2015 ലോകകപ്പ്.. ചരിത്രത്തിൽ ആർക്കും വിസ്‌മരിക്കാനാവാത്ത ഒരു നിമിഷത്തിന് അന്ന് ന്യൂസിലാന്റിലെ ഈഡൻ പാർക്ക് സാക്ഷ്യം വഹിച്ചു. ക്രിക്കറ്റിലെ ഇതിഹാസ താരങ്ങൾക്ക് ഐ.സി.സി നൽകുന്ന ഹാൾ ഒഫ് ഫെയിം ബഹുമതി ഏറ്റുവാങ്ങാൻ ന്യൂസിലാന്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാൻ മാർട്ടിൻ ക്രോ എത്തിയിരിക്കുകയാണ്. ലിംഫോമയോട് (മനുഷ്യശരീരത്തിന്റെ രോഗ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ലിംഫോസൈറ്റുകൾ എന്ന ശ്വേതരക്താണുക്കളെ ബാധിക്കുന്ന ഒരുതരം രക്താർബുദം) യുദ്ധം ചെയ്യുമ്പോഴും തോൽക്കാൻ മനസില്ലാത്ത ഒരു പോരാളിയുടെ മുഖം ക്രോയിൽ കാണാമായിരുന്നു. 1982ൽ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ചുവട് വച്ച അതേ ഗ്രൗണ്ടിലാണ് ക്രോ തന്റെ ജീവിതത്തിലെ അവസാനത്തെ അംഗീകാരം ഏറ്റുവാങ്ങാൻ എത്തിയതും.
2015 ലോകകപ്പിന് ആതിഥേയത്വം വഹിച്ചത് ഓസ്ട്രേലിയയും ന്യൂസിലാന്റുമാണ്. ഫൈനലിൽ ഏറ്റുമുട്ടിയതും ഇവർ തന്നെ. വർഷങ്ങൾക്കു മുമ്പ് 1992ൽ ഇരുരാജ്യങ്ങളും ആതിഥേയത്വം വഹിച്ച ലോകകപ്പിൽ കിവീസിനെ നയിച്ചത് ക്രോയായിരുന്നു. അന്ന് 456 റൺസ് സ്വന്തമാക്കി മാൻ ഒഫ് ദ ടൂർണമെന്റായ ക്രോയ്ക്ക് ന്യൂസിലാന്റിനെ സെമി ഫൈനൽ വരെ എത്തിക്കാൻ സാധിച്ചിരുന്നു.
കഴിഞ്ഞ ലോകകപ്പ് ഓർക്കുമ്പോൾ മനസിൽ ആദ്യം വരുന്നത് ക്രോയാണ്. ലോകത്ത് നിന്നും താൻ വിട പറയാൻ ഇനി ദിവസങ്ങൾ മാത്രമേ ഉള്ളൂ എന്നറിഞ്ഞിട്ടും തന്റെ ടീം കപ്പുയർത്തുന്നത് കാണാൻ കൊതിച്ച് ആവേശത്തോടെ ഗാലറിയിലെത്തിയ ആ താരത്തെ എങ്ങനെ മറക്കാൻ സാധിക്കും. ഒരുപക്ഷേ, ന്യൂസിലാന്റിനെ ഫൈനൽ വരെ എത്തിച്ചത് ക്രോയുടെ അടങ്ങാത്ത ആഗ്രഹമാണ്. അതിനായി ന്യൂസിലാന്റ് ടീം തങ്ങളുടെ എക്കാലത്തെയും പ്രിയപ്പെട്ട ക്യാപ്ടൻ ക്രോയ്ക്ക് വേണ്ടി അങ്ങേയറ്റം പരിശ്രമിച്ചെങ്കിലും മെൽബണിൽ നടന്ന ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയയോട് തോൽക്കേണ്ടി വന്നു.
ക്രിക്കറ്റിനെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹം കളിയിൽ നിന്നും വിരമിച്ചെങ്കിലും എഴുത്തുകാരനായും കമന്റേറ്ററായും സജീവമായിരുന്നു. 53-ാമത്തെ വയസിൽ ക്രോ വിട പറയുമ്പോൾ ക്രിക്കറ്റ് ലോകം തേങ്ങുകയായിരുന്നു. 'ഇനിയൊരിക്കലും ക്രിക്കറ്റ് കളിയുടെ ആഡംബരം കണ്ട് ആസ്വദിക്കാൻ തന്റെ വിലപ്പെട്ട ജീവിതം അനുവദിച്ചേക്കില്ല. ന്യൂസിലാന്റിന്റെ ജയത്തോടെ ഇനി തനിക്ക് സന്തോഷത്തോടെ മടങ്ങാം...' ന്യൂസിലാന്റ് ടീമിനെ സ്വപ്‌നം കാണാനും അത് നേടിയെടുക്കാനും പഠിപ്പിച്ച ക്രോ അവസാനത്തെ ആഗ്രഹം തുറന്നു പറഞ്ഞു.
പക്ഷേ, വിധി അതിന് അനുവദിച്ചില്ല. ഫൈനൽ വരെ എത്തിയെങ്കിലും അന്ന് കപ്പ് നേടാനാകാതെ ന്യൂസിലാന്റിന് മടങ്ങേണ്ടി വന്നത് ക്രോയുടെ ജീവിതത്തിന് ദുഃഖകരമായ ഒരു അവസാനം നൽകി. ആഗ്രഹം ബാക്കിയാക്കി 2016 മാർച്ച് 3ന് ക്രോ വിടവാങ്ങി. ക്രീസിലില്ലെങ്കിലും ക്രോയുടെ ഓർമകൾ ഒരിക്കലും മായാത്ത ഇന്നിംഗ്‌സുകളായി എക്കാലവും നിലനിൽക്കും.