തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അരങ്ങുതകർക്കുമ്പോൾ ചുറ്റുമതിലുകളോ ഉറപ്പുള്ള മേൽക്കൂരയോ ഇല്ലാതെ വിളപ്പിൽശാലയിലെ ചെറുകോട് ട്രൈബൽ യു.പി സ്‌കൂൾ അരക്ഷിതാവസ്ഥയിൽ. സംസ്ഥാനത്തെ എല്ലാ സർക്കാർ സ്‌കൂളുകളിലും സ്‌മാർട്ട് ക്ലാസ് റൂമുകൾ ആരംഭിച്ച് അടുത്ത മാസം ഹൈടെക് പ്രഖ്യാപനം നടത്താനിരിക്കെയാണ് അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ ആദിവാസി കുട്ടികൾക്കായുള്ള ഇൗ സ്കൂൾ പ്രവർത്തിക്കുന്നത്.
ഏതു നിമിഷവും തകരാൻ സാദ്ധ്യതയുള്ള ആസ്ബസൈറ്റോസ് ഷീറ്റു പാകിയ ക്ലാസ് മുറിയിലാണ് ഇവിടത്തെ അദ്ധ്യയനം. എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെ തൊട്ടടുത്ത ആദിവാസി സെറ്റിൽമെന്റിൽപെട്ട കുട്ടികൾക്ക് വേണ്ടിയാണ് കഴിഞ്ഞ അമ്പതു വർഷമായി സ്‌കൂൾ പ്രവർത്തിക്കുന്നത്. സ്വകാര്യവ്യക്തികൾ മൂന്നു വശത്തും മണ്ണിടിച്ചു മാറ്റിയതു കാരണം ഒരു തുരുത്ത് പോലെയാണ് കുന്നിനു മുകളിൽ സ്കൂൾ നില്ക്കുന്നത്. ചുറ്റും അഗാധ ഗർത്തങ്ങളാണ്. അതുകൊണ്ട് ഇടവേളകളിൽ കുട്ടികളെ പുറത്തു വിടാൻ അദ്ധ്യാപകർക്കു പേടിയാണ്. ഓരോ അദ്ധ്യയന വർഷത്തിന്റെയും തുടക്കത്തിൽ സർക്കാർ സ്‌കൂളുകളിലെ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധിച്ച് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് നിയമം. പക്ഷെ ഇൗ സ്കൂളിന്റെ കാര്യത്തിൽ അത് പാലിക്കപ്പെടുന്നില്ല. കളിസ്ഥലത്തെ സാമഗ്രികളും തുരുമ്പെടുത്തു. അപകടകരമായ വിധത്തിൽ ഒരു കിണറും ഇവിടെ ചുറ്റുമതിലില്ലാതെ മൂടിയിട്ടിരിക്കുന്നു.
പുതുക്കി പണിയണമെങ്കിൽ സ്‌കൂൾ പൊളിക്കണം. കുട്ടികളെ മറ്റെങ്ങോട്ടെങ്കിലും മാറ്റി പഠിപ്പിക്കുവാൻ സ്ഥലസൗകര്യമില്ലെന്നും അതുകൊണ്ടാണ് പൊളിക്കാത്തതെന്നും ചെറുകോട് പഞ്ചായത്ത് അംഗം സി.മണിയൻ പറയുന്നു.