തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിന് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയനും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവനും ഗൾഫ് യാത്ര നടത്തിയതിന് വിമാനയാത്രാക്കൂലിയിനത്തിൽ 3,72,731 രൂപയും ഡി.എ ഇനത്തിൽ 51,960 രൂപയും ചെലവായതായി നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്ത് നിന്ന് കോൺഗ്രസ് അംഗം വി.ടി. ബൽറാമിന്റെ ചോദ്യത്തിനാണ് മറുപടി. രണ്ടും ചേർത്തുള്ള ചെലവ് 4,24,691 രൂപ.
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മിതി സംബന്ധിച്ച ചർച്ചകൾക്കും അതിന് വിദേശമലയാളികളടക്കമുള്ളവരുടെ സാമ്പത്തിക- സാങ്കേതിക സഹായസഹകരണങ്ങൾ (ക്രൗഡ് ഫണ്ടിംഗ് ഉൾപ്പെടെ) അഭ്യർത്ഥിക്കുന്നതിനുമാണ് മുഖ്യമന്ത്രി യു.എ.ഇ സന്ദർശിച്ചത്.
അതേസമയം, പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് സഹായം ലഭിച്ചിട്ടില്ലെന്ന് സി.എഫ്. തോമസ്, പി.ജെ. ജോസഫ്, മോൻസ് ജോസഫ്, ഡോ. എൻ. ജയരാജ് എന്നിവരുടെ മറ്റൊരു ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
മറ്റ് സംസ്ഥാനങ്ങൾ നൽകിയത്
നാഗാലാൻഡ് (1 കോടി), മിസോറം (2 കോടി), ഒഡിഷ (10 കോടി), ഹിമാചൽപ്രദേശ് (5 കോടി), ഗുജറാത്ത് (10 കോടി), പശ്ചിമബംഗാൾ (10 കോടി), ജമ്മു കാശ്മീർ (13 കോടി), ഉത്തർപ്രദേശ് (15 കോടി), ആന്ധ്രപ്രദേശ് (20 കോടി), തെലങ്കാന (25 കോടി) എന്നീ സംസ്ഥാന സർക്കാരുകളിൽ നിന്നായി 111 കോടി രൂപ പിരിഞ്ഞുകിട്ടി.
പ്രളയദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനുവരി 22 വരെ 3229.25 കോടി പിരിഞ്ഞു കിട്ടിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നു കിട്ടിയ സർക്കാരിതര സംഭാവനകൾ പ്രത്യേകം ക്രോഡീകരിച്ചിട്ടില്ല.
ഇതുവരെ നൽകിയത്
ഡിസംബർ 23 വരെ 1501.3 കോടി വിവിധ ഹെഡുകളിൽ. ഇതിൽ 896.01 കോടി സംസ്ഥാന ദുരന്തപ്രതികരണനിധിയിൽ നിന്ന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ജനുവരി 22 വരെ അനുവദിച്ചത് 1372 കോടി.
അടിയന്തരധനസഹായമായി 7,47,475 കുടുംബങ്ങൾക്ക് 502.21കോടി, നാശനഷ്ടം സംഭവിച്ച വീടുകൾക്കുള്ള നഷ്ടപരിഹാരമായി 2,47,883 കുടുംബങ്ങൾക്ക് 869.79 കോടി, സഹകരണവകുപ്പിന്റെ മേൽനോട്ടത്തിൽ പുതിയ വീടുകൾ നിർമ്മിച്ചുനൽകുന്ന കെയർഹോം പദ്ധതിക്ക് 44.92 കോടി.
പ്രളയസമയത്ത് ദുരിതാശ്വാസക്യാമ്പുകളിൽ 34,15,937 പേരെ താമസിപ്പിച്ചതിനും മറ്റ് തുടർസഹായങ്ങൾക്കും ചെലവിട്ട തുകകൾ പുറമേ.
സംസ്ഥാന ദുരന്തപ്രതികരണനിധിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയും ഉപയോഗിച്ച് 6,85,184 കുടുംബങ്ങൾക്ക് പതിനായിരം രൂപയുടെ അടിയന്തരസഹായം. റീസർജന്റ് കേരള ലോൺസ്കീം രൂപീകരിച്ച് ഒരുലക്ഷം രൂപ വരെ വായ്പ 9 ശതമാനം പലിശനിരക്കിൽ നൽകാൻ കുടുംബശ്രീയെ ചുമതലപ്പെടുത്തി. ഇതിന്റെ പലിശ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്. 2.36 ലക്ഷം ദുരന്തബാധിതരായ കർഷകർക്കായി ഇതുവരെ 65 കോടിയുടെ ധനസഹായം സംസ്ഥാന ദുരന്തപ്രതികരണനിധിയിൽ നിന്ന്.
കൃഷിയിടങ്ങളിലെ ചെളിയും എക്കലും മാറ്റാൻ കൃഷിവകുപ്പിന് 8.4 കോടി.