help

തിരുവനന്തപുരം: അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് അക്ഷരമുറ്റത്തെത്തിയ കുരുന്നുകണ്ണുകളിൽ ആദ്യം അമ്പരപ്പായിരുന്നു. പിന്നെപ്പിന്നെ ആകാംക്ഷയായി. വർണാഭമായ സ്‌കൂൾ പരിസരം ആദ്യം അപരിചിതത്വം നൽകിയെങ്കിലും പിന്നീട് മറ്റു കൂട്ടുകാരെത്തിയതോടെ കുട്ടിക്കുറുമ്പൻമാർ മാതാപിതാക്കളുടെ കൈകളിൽ നിന്നുമിറങ്ങി. കുട്ടികളെ വരവേൽക്കാൻ ചെണ്ടമേളവും ബാൻഡ് മേളവും ഒരുക്കിയിരുന്നു. ലഡുവും മിഠായികളും വിദ്യാർത്ഥികൾക്ക് ആദ്യദിനത്തിന്റെ മധുരമായി നൽകി. കൈയിൽ ബലൂണുകൾ കൂടി കിട്ടിയതോടെ പിന്നെ കളിയും ചിരിയുമായി. സ്‌കൂളിൽ പ്രത്യേകം ഒരുക്കിയ ഇരിപ്പിടത്തിലിരുന്ന് അടുത്തിരുന്നവരോട് ചങ്ങാത്തം കൂടിയും പുതിയ ബാഗും കുടയുമൊക്കെ കാണിച്ചും അവർ കൂട്ടുകൂടി. സ്‌കൂളിലെ ആർട്ട് ടീച്ചർ സന്ധ്യാ ലക്ഷ്‌മി തയ്യാറാക്കിയ തൊപ്പികളും അണിഞ്ഞ് ബുക്കും കളർ പെൻസിലും ബാഗും കുടയും കിട്ടിയപ്പോൾ കുട്ടിക്കൂട്ടങ്ങൾക്ക് ഇരട്ടി സന്തോഷം. ഇതിനിടെ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ എത്തി. സ്‌കൂളിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനത്തിനെത്തിയ ജ്വാലയുടെ മാജിക്കിലായി പിന്നീട് കുട്ടികളുടെ ശ്രദ്ധ. പരിപാടികൾക്ക് ശേഷം ക്ലാസിലേക്ക് കൊണ്ടുപോകാൻ ടീച്ചറെത്തിയതോടെ ചിലരൊക്കെ അമ്മമാരുടെ കൈവിടാതെ ചിണുങ്ങിക്കരഞ്ഞു. ഭാവഭേദമില്ലാതെ ക്ലാസിൽ കയറിയവർ കരയുന്നവരെ അമ്പരപ്പോടെ നോക്കി. കോട്ടൺഹിൽ സ്‌കൂളിലെ ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അരുൺ .എം അദ്ധ്യക്ഷനായി. സ്‌കൂൾ ഹെഡ്മാസ്റ്റർ കെ. ബുഹാരി,​ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ,​ പി.ടി.എ ഭാരവാഹികളായ സെലിൻ .ആർ,​ സുഷമ മോഹൻ,​ രാജി എൻ. സ്‌മിത,​ സുജിത .ജി തുടങ്ങിയവർ പങ്കെടുത്തു.

ചിത്രങ്ങൾ: അജയ് മധു