കോവളം: മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘത്തെ പിടികൂടാനെത്തിയ കോവളം പൊലീസിന്റെ ജീപ്പ് തടഞ്ഞ് എസ്.ഐയെയും സംഘത്തെയും ആക്രമിക്കാൻ ശ്രമിച്ച നാലംഗം സംഘത്തെ പിടികൂടി. വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 215ൽ അബ്ദുൾ ഹസൻ (37), മതിപ്പുറം മൊയ്‌തീൻപള്ളിക്ക് സമീപം തൈവിളി കാത്തുവീട്ടിൽ പീരു മുഹമ്മദ് (72), ചെറുമണൽകുഴി ഐ.ബിക്ക് സമീപം സലിം (40), ടൗൺഷിപ്പ് കോളനിയിൽ ഹൗസ് നമ്പർ 240ൽ റിയാസ് ഖാൻ (36) എന്നിവരാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 7.30ഓടെ വിഴിഞ്ഞം ഹാർബർ പോർട്ട് ഓഫീസിന് സമീപത്തായിരുന്നു സംഭവം. 10 അംഗ സംഘം മദ്യപിച്ച് ബഹളംവയ്ക്കുന്നെന്ന പ്രദേശവാസികളുടെ പരാതിയെ തുടർന്ന് സ്ഥലത്തെത്തിയ കോവളം എസ്.ഐ രതീഷിനെയും നാലോളം പൊലീസുകാരെയും ടൗൺഷിപ്പിനു സമീപം വഴിയിൽ തടയുകയും പൊലീസ് ജീപ്പിന്റെ ബോണറ്റിൽ ഇവർ ഇടിക്കുകയും ചെയ്‌തു. എസ്.ഐയും സംഘവും പുറത്തിറങ്ങിയതോടെ സംഘത്തിലെ കുറച്ചുപേർ ഓടി രക്ഷപ്പെട്ടെങ്കിലും കോവളത്തു നിന്ന് കൂടുതൽ പൊലീസെത്തി സംഘത്തിലെ പ്രധാനികളായ ഇവരെ പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ കേസെടുത്തു. ഇവരെ കോടതിയിൽ ഹാജരാക്കിയെന്ന് പൊലീസ് പറഞ്ഞു.
ഫോട്ടോ: പിടിയിലായ പ്രതികൾ