theresa-may

യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടനെ പുറത്ത് കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെ 2016-ൽ പ്രധാനമന്ത്രി കസേരയിൽ എത്തിയ തെരേസ മേ കണ്ണീരോടെയാണ് ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റിൽ നിന്നും പുറത്തേയ്ക്ക് പോകുന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടനെ പുറത്തേയ്ക്ക് കൊണ്ടു വരാനായി കഴിഞ്ഞ മൂന്ന് വർഷക്കാലമായി അവർ ശ്രമിക്കുകയായിരുന്നു. ആ ശ്രമത്തിൽ ദയനീയമായി പരാജയപ്പെട്ടാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്ക്കുവാനുള്ള തീരുമാനം മേയ് 26-ന് പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡൻറ്റ് ഡൊണാൾഡ് ട്രംമ്പ് ബ്രിട്ടൻ സന്ദർശനം കഴിഞ്ഞദിവസം പൂർത്തിയാക്കിയതിനാൽ ഇന്ന് അവർ രാജി കത്ത് നൽകിയേക്കും.. ജൂലായ് മാസത്തിൽ പുതിയ പ്രധാനമന്ത്രിയെ കൺസർവേറ്റീവ് പാർട്ടി തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് വരെ കാവൽ പ്രധാനമന്ത്രിയായി അവർ അധികാരത്തിൽ തുടരും.

ആദ്യം ഇരയായത് കാമറൂൺ
ബ്രെക്സിറ്റ് എന്ന ഭൂതം ബ്രിട്ടനെ പിടിവിടാതെ അലട്ടാൻ തുടങ്ങിയത് 2015 മുതലാണ്. 2015-ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂണാണ് ബ്രെക്സിറ്റ് പ്രശ്നത്തിൽ ജനഹിതമറിയാനായി ഹിതപരിശോധന നടത്തിയത്. വ്യക്തിപരമായി യൂറോപ്യൻ യൂണിയനിൽ ബ്രിട്ടൻ തുടരണമെന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. എന്നാൽ ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്ന അഭിപ്രായത്തിനാണ് ഭൂരിപക്ഷം ലഭിച്ചത്. അതോടെ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവക്കുകയും, അഭ്യന്തര സെക്രട്ടറിയായിരുന്ന തെരേസ മേ പ്രധാനമന്ത്രിയാകുകയും ചെയ്തു. അങ്ങിനെ കാമറൂൺ ബ്രെക്സിറ്റിന്റെ ആദ്യ ഇരയായി.

സ്വന്തം നേതൃത്വത്തിൽ തെരഞ്ഞെടുപ്പിലൂടെ വമ്പിച്ച ഭൂരിപക്ഷം നേടി പ്രധാനമന്ത്രി പദത്തിലെത്തുകയെന്ന മോഹത്തോടെ തെരേസ മേ 2017 ജൂണിൽ പാർലമെൻറ്റിലേയ്ക്ക് തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും അവർക്ക് ഭൂരിപക്ഷം ലഭിച്ചില്ല. തുടർന്ന് വടക്കൻ അയർലണ്ടിലെ ഡെമോക്രാറ്റിക് യൂണിയൻ പാർട്ടിയുടെ പിന്തുണയോടെയാണ് അവർ സർക്കാർ രൂപീകരിച്ച് വീണ്ടും പ്രധാനമന്ത്രിയായത്. ഈ സഖ്യമാണ്, ഒടുവിൽ അവരുടെ ഭരണത്തിന് അന്ത്യം കുറിയ്ക്കുന്നതിലേയ്ക്ക് നയിച്ചത്. യൂറോപ്യൻ യൂണിയനുമായി ബ്രെക്സിറ്റ് കരാറിന് വേണ്ടി അവർ നടത്തിയ ചർച്ചകളിലെ പ്രധാന തടസ്സം ഡെമോക്രാറ്റിക് യൂണിയൻ പാർട്ടിയുടെ നിലപാടായിരുന്നു. ഐറിഷ് റിപ്ബ്ലിക്കും വടക്കൻ അയർലണ്ടുമായി തടസ്സങ്ങളോ കസ്റ്റംസ് പരിശോധനകളോയില്ലാത്ത ഒരു ബ്രെക്സിറ്റാണ് ഡെമോക്രാറ്റിക് യൂണിയൻ പാർട്ടിയുടെ ആവശ്യം. എന്നാൽ ഇതിനോട് മേയുടെ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളിൽ ഭൂരിപക്ഷവും യോജിച്ചില്ല.

രണ്ടാമത്തെ ഇരയായി മേ
യൂറോപ്യൻ യൂണിയന്റെ നികുതി വ്യവസ്ഥയും മറ്റ് നിയന്ത്രണങ്ങളും നിലനിർത്തുന്നതായിരുന്നു മേ തയ്യാറാക്കിയ ബ്രെക്സിറ്റ് കരാർ. ഈ വ്യവസ്ഥകൾ യൂറോപ്യൻ യൂണിയന് അടിയറവ് പറയുന്നതാണെന്നതിനാൽ ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന പാർലമെൻറ്റ് അംഗങ്ങൾ ഇതിനെ ശക്തിയുക്തം എതിർത്തു. അതേ സമയം ബ്രിട്ടനെ സാമ്പത്തികമായും രാഷ്ട്രീയമായും ദുർബലമാക്കുന്ന കരാറായിരുന്നു മേ തയ്യാറാക്കിയതെന്ന് ആക്ഷേപിച്ച് ബ്രെക്സിറ്റ് വിരുദ്ധരും കരാറിനെ എതിർത്തു. ലേബർ പാർട്ടി നേതാവ് ജെറമി കോർബിനുമായി അവർ ധാരണയുണ്ടാക്കാൻ ശ്രമിച്ചെങ്കിലും കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾ അതിനോട് യോജിച്ചില്ല. എല്ലാവരെയും തൃപ്തിപെടുത്താനായി 2018 നവംബറിൽ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാർ ബ്രിട്ടിഷ് പാർലമെൻറ്റ് നിഷ്‌കരുണം തള്ളിയതോടെ മേയുടെ പ്രതീക്ഷകൾക്കും നിറം മങ്ങി. കരാറിൽ മാറ്റം വരുത്തി മൂന്നു തവണ അവർ പാർലമെൻറ്റിൽ അവതരിപ്പിച്ചെങ്കിലും, അംഗങ്ങൾ അവയൊക്കെ വോട്ടിനിട്ടു തള്ളി. ഒടുവിൽ ഗത്യന്തരമില്ലാതെയാണ് അവർ രാജിവച്ച് ബ്രെക്സിറ്റിന്റെ രണ്ടാമത്തെ ഇരയായി മാറിയത്

ഡേവിഡ് കാമറുണിന്റെ അനവസരത്തിലുള്ളതും ബുദ്ധിപരമല്ലാത്തതുമായ 'ബ്രെക്സിറ്റ്' ഹിതപരിശോധനയും തുടർന്ന് മേയുടെ കടും പിടുത്തവും ഏകപക്ഷീയവുമായ നിലപാടുകളുമാണ് ബ്രിട്ടനെ ചെകുത്താനും കടലിനുമിടയിലെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്.

ഇനി ആര്?
മേയുടെ രാജിയെ തുടർന്ന് കൺസർവേറ്റീവ് പാർട്ടി നേതൃത്വ സ്ഥാനത്തേയ്ക്ക് മത്സരിക്കാനായി നിരവധി എം.പിമാരാണ് രംഗത്ത് വന്നിട്ടുള്ളത്. മുൻ വിദേശ സെക്രട്ടറി ബോറിസ് ജോൺസൺ, മൈക്കിൾ ഗോവ്, ഡൊമനിക്ക് റാബ് , അൻഡ്രിയ ലീഡ്സം, വിദേശകാര്യ സെക്രട്ടറി ജെറമി ഹോ, റോറി സ്റ്റീവാർട്, അഭ്യന്തര സെക്രട്ടറിയും പാകിസ്ഥാൻ വംശജനുമായ സാജിത് ജാവിദ്, ബ്രെക്സിറ്റ് മന്ത്രി ജയിംസ് ക്ലവർലി, മാറ്റ് ഹാൻകോക്ക്, എസ്തർ മക്വി, കിറ്റ് മാർട്ടൗസ് തുടങ്ങി പതിമൂന്ന് പേരാണ് കൺസർവേറ്റീവ് പാർട്ടി നേതൃ സ്ഥാനത്തേയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇതിനോടകം രംഗത്തെ വന്നിട്ടുള്ളത്.

കൺസർവേറ്റീവ് പാർട്ടി നേതൃ സ്ഥാനത്തേയ്ക്ക് മത്സരിക്കാൻ ഇത്ര അധികം പേർ മുന്നോട്ട് വന്നത് ആദ്യമായാണ്. യാതൊരു വിധ വിട്ട വീഴ്ച്ചയുമില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കണമെന്ന (ഹാർഡ് ബ്രെക്സിറ്റ്)പക്ഷക്കാരാണ് ബോറിസ് ജോൺസൺ, ഡൊമനിക് റാബ്, എസ്തർ മക്വി എന്നിവർ. ബാക്കിയുള്ളവർ ഇപ്പോഴും മേയുടെ മന്ത്രിസഭയിൽ തുടരുന്നവരും വിട്ടുവീഴ്ച്ചാ മനോഭാവത്തോടെ ബ്രെക്സിറ്റ് പ്രശ്നം പരിഹരിക്കണം എന്ന ചിന്താഗതിക്കാരുമാണ്. ഇതിനിടയിലാണ് യൂറോപ്യൻ യൂണിയൻ പാർലമെൻറ്റിലേയ്ക്ക് മേയ് 23-ന് തെരഞ്ഞെടുപ്പ് നടന്നത്. കൺസർവേറ്റീവ് പാർട്ടിയേയും, ലേബർ പാർട്ടിയേയും പിന്തള്ളി ഏറ്റവും കൂടുതൽ സീറ്റ് കരസ്ഥമാക്കിയത് നിജൽ ഫറാജ് നേതൃത്വം നൽക്കുന്ന ബ്രെക്സിറ്റ് പാർട്ടിയായിരുന്നു. യൂറോപ്യൻ യൂണിയനെ പ്രേരിപ്പിച്ച് ബ്രിട്ടന് ഏറ്റവും കൂടുതൽ നേട്ടങ്ങൾ നൽകാൻ സാധിക്കുന്ന കരാർ ഇവരിൽ ആർക്ക് ഉണ്ടാക്കാൻ കഴിയുമെന്നതും, അടുത്ത പാർലമെൻറ്റ് തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേതാവ് ജെറമി കോർബിനേയും ബ്രെക്സിറ്റ് പാർട്ടി നേതാവ് നിജൽ ഫറാജിനേയും നിലയ്ക്ക് നിർത്തി കൺസർവേറ്റീവ് പാർട്ടിയെ അധികാരത്തിലെത്തിക്കാൻ ആർക്ക് കഴിയും എന്നിവയായിരിക്കും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സ്വാധീനിക്കുക.
കൺസർവേറ്റീവ് പാർട്ടി നേതാവായി ഇവരിൽ ആരു തെരഞ്ഞെടുക്കപ്പെട്ടാലും ഐക്യവും അഖണ്ഡതയും കാത്ത് സൂക്ഷിച്ച് ബ്രിട്ടനെ മുന്നോട്ട് കൊണ്ടുപോവുക ഒരു വലിയ വെല്ലുവിളിയാണ്.


(ലേഖകന്റെ ഫോൺ:9847173177)