നെടുമങ്ങാട് : റോഡ് വികസനത്തിന് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിരവധി പദ്ധതികളുണ്ടെങ്കിലും പ്രധാനപാതയായ എം.സി റോഡിന്റെ സമീപത്ത് താമസിക്കുന്ന ഞാറ്റടിവാരം നിവാസികളുടെ വീട്ടിന് മുന്നിൽ ബൈക്ക് പോലും എത്താത്ത അവസ്ഥയാണ് ഇപ്പോഴും. ആട്ടോറിക്ഷ പാതിവഴി വരെ മാത്രം വന്നു മടങ്ങും.
ആർക്കെങ്കിലും അത്യാഹിതം നേരിട്ടാൽ ഒന്നര കിലോമീറ്റർ തലച്ചുമടായി കൊണ്ടുപോകണം. കരകുളം ഗ്രാമപഞ്ചായത്തിലെ വട്ടപ്പാറ ഈസ്റ്റ് വാർഡിൽ ഉൾപ്പെടുന്ന ഞാറ്റടിവാരം, മൂഴി പ്രദേശവാസികൾക്കാണ് ഈ ദുരിതം. അര നൂറ്റാണ്ടായി ഇവിടത്തെ നാട്ടുകാർ സഞ്ചരിക്കുന്ന പാതയ്ക്ക് ടാർ പാകാനുള്ള യോഗം ഉണ്ടായിട്ടില്ല. വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയെന്ന പതിവ് പല്ലവി മാത്രമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇപ്പോഴും ലഭിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. എം.സി റോഡിനു സമാന്തരമായി വട്ടപ്പാറ ഈസ്റ്റ്, കരയാളത്തുകോണം വാർഡുകളെ ബന്ധിപ്പിക്കുന്ന ഞാറ്റടിക്കോണം റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടും പാർശ്വഭിത്തി തകർന്നും കാൽനട പോലും അസാദ്ധ്യമാണ്. പട്ടികജാതിക്കാരും കർഷകരുമായ അറുപതിലേറെ കുടുംബങ്ങൾ വശങ്ങളിൽ താമസിക്കുന്നുണ്ട്. വട്ടപ്പാറ എൽ.എം.എസ് എച്ച്.എസ്.എസിലും എം.ജി കോളേജിലും പട്ടം സെന്റ്‌മേരീസ് സ്‌കൂളിലും പഠിക്കുന്ന എഴുപതോളം വിദ്യാർത്ഥികൾ രാവിലെയും വൈകിട്ടും നടന്ന് വേണം മെയിൻ റോഡിലെത്താൻ. പി.എച്ച്.സി, ആയുർവേദാശുപത്രി, ഇലക്ട്രിസിറ്റി ഓഫീസ്, വില്ലേജോഫീസ്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ എത്തണമെങ്കിലും നടക്കുകയല്ലാതെ മറ്റ് മാർഗമില്ല. എത്രയും വേഗം ഈ റോഡിന് ശാപമോക്ഷം നൽകണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.