jwala

തിരുവനന്തപുരം: പൊള്ളയായ ഒരു സ്റ്റീൽ റോൾ കാണികളുടെ മുന്നിലേക്ക് ഉയർത്തിക്കാണിച്ചു. റോളിനുള്ളിൽ യാതൊന്നുമില്ലെന്ന് മാന്ത്രിക ദണ്ഡ് കടത്തി ഉറപ്പുവരുത്തി. ഇനിയാണ് മാജിക്. അതാ വരുന്നു ദണ്ഡിനുള്ളിൽ നിന്ന് വർണ്ണക്കടലാസിൽ തീർത്ത പൂക്കൾ. കോട്ടൺഹിൽ എൽ.പി.എസിൽ പ്രവേശനോത്സവത്തിനെത്തിയ കൊച്ചുകൂട്ടുകാരും അദ്ധ്യാപകരും രക്ഷിതാക്കളും ആവേശത്തിൽ കൈയ്യടിച്ചു, ജ്വാലയുടെ അത്യുഗ്രൻ പ്രകടനത്തിന്. പ്രശസ്ത മെന്റലിസ്റ്റ് പ്രീത് അഴീക്കോടിന്റെയും ബലൂൺ ആർട്ടിസ്റ്റ് ഷിജിന പ്രീതിന്റെയും ഏക മകളാണ് കോട്ടൺഹിൽ സ്കൂളിൽ പ്രവേശനത്തിനെത്തി അദ്ധ്യാപകരെയും കൂട്ടുകാരെയും മാജിക് പഠിപ്പിച്ച ജ്വാല പ്രീത് എന്ന ആറ് വയസുകാരി.

ആദ്യ ദിവസം സ്കൂളിലെത്തിയതിന്റെ പേടിയും സങ്കോചവുമൊന്നുമില്ലാതെ ജ്വാല അച്ഛനും അമ്മയ്‌ക്കുമൊപ്പം സ്റ്റേജിന് പിന്നിൽ നിലയുറപ്പിച്ചു. പ്രവേശനോത്ഘോടന പരിപാടികൾ അവസാനിച്ചതോടെ സ്റ്റേജിലേക്ക് കയറി. ആദ്യം അച്ഛന്റെ ചില മെന്റലിസ്റ്റ് പൊടിക്കൈകൾ. പിന്നെ അമ്മ ഷിജിനയുടെ ബലൂൺ പ്രകടനങ്ങൾ. മീനും ചിലന്തിയുമൊക്കെ ബലൂണിൽ വിരിഞ്ഞു. പിന്നീട് ജ്വാലയുടെ ഊഴമായിരുന്നു. മാജിക്കൊക്കെ കഴിഞ്ഞ് നിറപുഞ്ചിരിയുമായി അമ്മയ്‌ക്ക് ടാറ്റാ കൊടുത്ത് ടീച്ചറിന് പിന്നാലെ ക്ളാസിലേക്ക്.

ഏറ്റവും പ്രായം കുറഞ്ഞ ബലൂൺ ആർട്ടിസ്റ്റ് എന്ന നിലയിൽ ഗ്ലോബൽ റെക്കോഡ്‌സ് ആൻഡ് റിസേർച്ച് ഫൗണ്ടേഷന്റെ അംഗീകാരത്തിന് അർഹയായിട്ടുണ്ട് ജ്വാല പ്രീത്. നിരവധി വേദികളിൽ മാതാപിതാക്കളോടൊപ്പം മാജികും ബലൂൺ ആർട്ടും അവതരിപ്പിച്ചിട്ടുണ്ട്.