വട്ടപ്പാറ: പന്നിയോട് സുശീലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായതായി സൂചന. വട്ടപ്പാറ പന്നിയോട് സ്വദേശി സാജൻ (40), സാജന്റെ കൂട്ടാളികളായ രണ്ടുപേർ എന്നിവരാണ് പിടിയിലായത്. സാജൻ നഗരത്തിലെ ആട്ടോറിക്ഷാ ഡ്രൈവറാണ്.

ഇക്കഴിഞ ഏപ്രിൽ 9 നാണ് വട്ടപ്പാറ ഒഴുകുപാറ പന്നിയോട് സുശീല ഭവനിൽ സുശീലയെ (62) കിടപ്പ്മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊന്നത്. വീട്ടിനുള്ളിൽ മുളകുപൊടി വിതറിയിരുന്നു. മുൻവശത്തെ വാതിൽ അകത്തുനിന്ന് കുറ്റിയിട്ടും പിറകിലെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലുമായിരുന്നു. സുശീലയുടെ 12 പവനോളം സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടിരുന്നു. മോഷണത്തിനിടയ്ക്കാണ് കൊല നടന്നതെന്ന് തെളിഞ്ഞിരുന്നു.

കൊലപാതകമെന്ന് സ്ഥിരീകരിച്ചിട്ടും ലോക്കൽ പൊലീസ് വേണ്ടത്ര അന്വേഷണം നടത്തിയില്ലെന്ന് ആരോപണമുയർന്നിരുന്നു. ബന്ധുക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് അന്വേഷണ ചുമതല കൈമാറുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്തിൽ നടന്ന അന്വേഷണത്തിലാണ് ആട്ടോറിക്ഷ ഡ്രൈവറായ പ്രധാന പ്രതിയും മറ്റ് രണ്ടുപേരും വലയിലായത്. സുശീലയിൽ നിന്ന് നഷ്ടപ്പെട്ട ആഭരണങ്ങൾ ചാലയിലെ ജുവലറിയിൽ വിറ്റ പ്രതി, ഒന്നര ലക്ഷം രൂപ വിലയുള്ള ടൂ വീലർ വാങ്ങിയിരുന്നു. മൂന്ന് മാസത്തിനുള്ളിൽ വട്ടപ്പാറ സ്റ്റേഷൻ പരിധിയിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.